ഈ വർഷം അർജന്റീനക്കൊപ്പം മെസ്സിയെ കാത്തിരിക്കുന്നത് നിരവധി റെക്കോർഡുകൾ!
കോപ്പ അമേരിക്കക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് നിലവിൽ അർജന്റീന ദേശീയ ടീമുള്ളത്.നിലവിലെ ജേതാക്കൾ അർജന്റീനയാണ്.കിരീടം നിലനിർത്തുക എന്നത് തന്നെയാണ് അർജന്റീനയുടെ ലക്ഷ്യം. ക്യാപ്റ്റൻ ലയണൽ മെസ്സിയിൽ തന്നെയാണ് അവരുടെ പ്രതീക്ഷകൾ.
ഈ വർഷം മെസ്സിയെ അർജന്റീന ദേശീയ ടീമിനോടൊപ്പം ഒരുപാട് റെക്കോർഡുകൾ കാത്തിരിക്കുന്നുണ്ട്. നമുക്ക് അതൊന്ന് പരിശോധിക്കാം. കോപ്പ അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി മാറാൻ മെസ്സിക്ക് സാധിക്കും.13 ഗോളുകൾ ഇതുവരെ നേടിയിട്ടുള്ള മെസ്സി 5 ഗോളുകൾ കൂടി നേടിയാൽ ഈ റെക്കോർഡ് സ്വന്തമാക്കും. 17 ഗോളുകൾ വീതം നേടിയിട്ടുള്ള മെന്റസ്,സിസീഞ്ഞോ എന്നിവരുടെ പേരിലാണ് ഈ റെക്കോർഡ് ഇപ്പോൾ ഉള്ളത്.
ദേശീയ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ ഫ്രീകിക്ക് ഗോൾ നേടിയ താരം എന്ന റെക്കോർഡ് സ്വന്തമാക്കാൻ മെസ്സിക്ക് വേണ്ടത് ഒരൊറ്റ ഫ്രീകിക്ക് ഗോൾ മാത്രമാണ്. 11 വീതം ഗോളുകളാണ് നിലവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും ദേശീയ ടീമുകൾക്ക് വേണ്ടി നേടിയിട്ടുള്ളത്.
ദേശീയ ടീമിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ രണ്ടാമത്തെ താരം എന്ന റെക്കോർഡ് മെസ്സിയെ കാത്തിരിക്കുന്നുണ്ട്. നാല് ഗോളുകൾ കൂടി നേടിയ 109 ഗോളുകൾ നേടിയ അലി ദേയിയെ പിറകിലാക്കിക്കൊണ്ട് മെസ്സി രണ്ടാം സ്ഥാനത്ത് എത്തും.
കൂടാതെ കോപ്പ അമേരിക്ക ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചതാരമാവാൻ മെസ്സിക്ക് സാധിക്കും. ഒരൊറ്റ മത്സരം കൂടി കളിച്ചാൽ 35 മത്സരങ്ങൾ പൂർത്തിയാക്കി സെർജിയോ ലിവിങ്സ്റ്റണെയാണ് മെസ്സി മറികടക്കുക.
കൂടാതെ ദേശീയ ടീമുകൾക്ക് വേണ്ടി ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ താരം എന്ന റെക്കോർഡ് മെസ്സിയെ കാത്തിരിക്കുന്നുണ്ട്.പക്ഷേ അതിന് ഏഴ് അസിസ്റ്റുകളും മെസ്സി നേടണം.59 അസിസ്റ്റുകൾ ഉള്ള ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ജൂനിയറാണ് ഒന്നാം സ്ഥാനത്ത്.മെസ്സിയുടെ പേരിൽ 53 അസിസ്റ്റുകൾ ആണ് ഉള്ളത്.
ഇന്റർനാഷണൽ ടൂർണമെന്റുകളിൽ ദേശീയ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ സൗത്ത് അമേരിക്കൻ താരം എന്ന റെക്കോർഡ് മെസ്സിയെ കാത്തിരിക്കുന്നുണ്ട്. ഒരു ഗോൾ കൂടി നേടിക്കഴിഞ്ഞാൽ ബ്രസീലിയൻ ഇതിഹാസം റൊണാൾഡോയെ മറികടക്കാൻ മെസ്സിക്ക് കഴിയും.
ഈ ടൂർണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം നേടിക്കഴിഞ്ഞാൽ അതും ഒരു റെക്കോർഡ് ആയിരിക്കും. ആദ്യമായിട്ടായിരിക്കും ഒരു താരം മേജർ കോണ്ടിനെന്റിൽ ടൂർണമെന്റിൽ 3 തവണ ബെസ്റ്റ് പ്ലെയർ ആയി മാറുന്നത്.കൂടാതെ തുടർച്ചയായി 7 കോപ്പ അമേരിക്കയിൽ ഗോൾ നേടുന്ന താരം എന്ന റെക്കോർഡ് മെസ്സിയെ കാത്തിരിക്കുന്നുണ്ട്.7 കോപ്പ അമേരിക്ക ടൂർണമെന്റുകളിൽ പങ്കെടുക്കുന്ന ആദ്യത്തെ അർജന്റീന താരം എന്ന റെക്കോർഡും മെസ്സിയെ കാത്തിരിക്കുന്നുണ്ട്.ഇങ്ങനെ നിരവധി റെക്കോർഡുകൾ മെസ്സിയെ കാത്തിരിക്കുന്നുണ്ട്. ഇതൊക്കെ മെസ്സി തകർക്കണം എന്ന് തന്നെയാണ് താരത്തിന്റെ ആരാധകർ ആഗ്രഹിക്കുന്നത്.