ഇന്തോനേഷ്യന്‍ ദേശീയ ടീമിൽ ഇടം നേടി ലയണൽ മെസ്സി!

അർജന്റൈൻ നായകനായ ലയണൽ മെസ്സി ഫുട്ബോൾ ലോകത്ത് ഉണ്ടാക്കിയിട്ടുള്ള ഇമ്പാക്ട് അത് ഊഹിക്കാവുന്നതിലും അപ്പുറമാണ്. ലയണൽ മെസ്സിയോടുള്ള ഇഷ്ടം കൊണ്ട് അദ്ദേഹത്തിന്റെ പേര് തങ്ങളുടെ മക്കൾക്ക് നൽകുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. അർജന്റീനയിലെ ഒരു മുനിസിപ്പാലിറ്റിയിൽ മെസ്സിയുടെ പേര് നൽകുന്നത് നിരോധിക്കേണ്ട അവസ്ഥ വരെ വന്നിരുന്നു. കാരണം ജനിക്കുന്ന ഭൂരിഭാഗം കുഞ്ഞുങ്ങളുടെയും പേര് മെസ്സി എന്നായിരുന്നു.ഇതുകൊണ്ടാണ് അവർക്ക് നിരോധിക്കേണ്ടി വന്നിരുന്നത്.

ഇതുമായി ബന്ധപ്പെട്ട ഒരു വാർത്ത ഇപ്പോൾ ഇൻഡോനേഷ്യയിൽ നിന്നും പുറത്തേക്ക് വന്നിട്ടുണ്ട്.അർജന്റൈൻ മാധ്യമമായ Tyc സ്പോർട്സ് ഉൾപ്പെടെയുള്ളവർ ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇന്തോനേഷ്യൻ ദേശീയ ടീമിൽ ഇടം നേടി ലയണൽ മെസ്സി എന്നാണ്.മറ്റൊന്നുമല്ല, ഇന്തോനേഷ്യയുടെ ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അണ്ടർ 17 ടീമിൽ ഇടം നേടാൻ ലയണൽ മെസ്സി അൽ ഫച്റി എന്ന താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇതാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ഇപ്പോൾ വാർത്തയാക്കിയിട്ടുള്ളത്.

കേവലം 16 വയസ്സ് മാത്രമാണ് ഈ ലയണൽ മെസ്സി അൽ ഫച്റി എന്ന താരത്തിന് ഉള്ളത്. കൃത്യമായി പറഞ്ഞാൽ 2008 മെയ് ആറാം തീയതിയാണ് ഈ താരം ഇൻഡോനേഷ്യയിൽ വച്ചുകൊണ്ട് ജനിക്കുന്നത്. മെസ്സി ഒരു സൂപ്പർ താരമായി വളരുന്ന സമയമാണ് അത്. അർജന്റീനയോടൊപ്പം അണ്ടർ 20 വേൾഡ് കപ്പും ഒളിമ്പിക്സ് ഗോൾഡ് മെഡലും മെസ്സി ആ സമയത്ത് സ്വന്തമാക്കിയിട്ടുണ്ട്. അന്ന് 21 വയസ്സ് മാത്രമുള്ള മെസ്സി ബാഴ്സക്ക് തകർപ്പൻ പ്രകടനം നടത്തുകയും ചെയ്യുന്ന സമയം കൂടിയാണ്.

മെസ്സിയോടുള്ള ഇഷ്ടം കൊണ്ടാണ് ആ മാതാപിതാക്കൾ ലയണൽ മെസ്സിയുടെ പേര് തങ്ങളുടെ മകന് നൽകിയത്.അദ്ദേഹം ഇപ്പോൾ വളർന്ന് ഇന്തോനേഷ്യയുടെ അണ്ടർ 17 ടീമിൽ വരെ ഇടം കണ്ടെത്തി. പക്ഷേ മെസ്സിയെ പോലെ ഒരു മുന്നേറ്റ നിര താരമല്ല അൽ ഫച്ച്റി.മറിച്ച് പ്രതിരോധത്തിലാണ് അദ്ദേഹം കളിക്കുന്നത്. ഏതായാലും ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളിൽ ഇന്തോനേഷ്യയുടെ പ്രതിരോധം കാക്കാൻ ഇനി ലയണൽ മെസ്സിയും ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *