ഇനി ആർക്കെങ്കിലും സംശയമുണ്ടോ? യമാൽ നെയ്മറുടെ ഫാൻ ബോയ് തന്നെ!
ഇപ്പോൾ അവസാനിച്ച യൂറോ കപ്പിൽ ഗംഭീര പ്രകടനമാണ് 17 കാരനായ ലാമിൻ യമാൽ നടത്തിയിട്ടുള്ളത്. ടൂർണമെന്റിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരം യമാലാണ് കരസ്ഥമാക്കിയത്. ഒരു ഗോളും നാല് അസിസ്റ്റുകളുമായിരുന്നു താരം യൂറോ കപ്പിൽ സ്വന്തമാക്കിയത്.സെമിഫൈനലിൽ ഫ്രാൻസിനെതിരെ കിടിലൻ ഗോൾ നേടിയ യമാൽ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ അസിസ്റ്റ് സ്വന്തമാക്കുകയും ചെയ്തു.
ഇന്നലെ സ്പെയിനിൽ ഈ കിരീടം നേട്ടത്തിന്റെ വിക്ടറി പരേഡ് നടന്നിരുന്നു. ഇതിൽ ലാമിൻ യമാലും നിക്കോ വില്യംസും നടത്തിയ ഡാൻസ് ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അത് മറ്റേതുമല്ല,നെയ്മർ ജൂനിയർ തന്റെ കരിയറിന്റെ തുടക്കകാലത്ത് ചെയ്ത ഡാൻസാണ് രണ്ടുപേരും അവതരിപ്പിച്ചിട്ടുള്ളത്. നെയ്മർ സാൻഡോസിലായിരുന്ന സമയത്ത് നടത്തിയ ഡാൻസ് സെലിബ്രേഷൻ ഈ രണ്ട് താരങ്ങളും മൈതാനത്ത് തന്നെ അനുകരിച്ചിരുന്നു. അതിന് പുറമേയാണ് ഇന്നലെ വിക്ടറി പരേഡിലും ഇവർ ഡാൻസ് ചെയ്തിട്ടുള്ളത്.
നെയ്മർ ജൂനിയറുടെ ഒരു ഫാൻ ബോയ് തന്നെയാണ് ലാമിൻ യമാൽ. ലയണൽ മെസ്സിയാണ് മികച്ചതെന്നും എന്നാൽ നെയ്മറുടെ പ്രകടനങ്ങളാണ് താൻ ഏറെ ആസ്വദിക്കാറുള്ളത് എന്നും യമാൽ ഈയിടെ പറഞ്ഞിരുന്നു. താൻ കണ്ടുമുട്ടാൻ ആഗ്രഹിക്കുന്ന സെലിബ്രിറ്റിയാണ് നെയ്മറെന്നും അദ്ദേഹത്തോടൊപ്പം കളിക്കാൻ ആഗ്രഹിക്കുന്നുവെന്നും യമാൽ പറഞ്ഞിരുന്നു. കൂടാതെ നെയ്മറുടെ വീഡിയോസ് താൻ വളരെയധികം വീക്ഷിക്കാറുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.യമാൽ നെയ്മറുടെ ഫാൻ ബോയ് ആണ് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.
അതുപോലെതന്നെ നിക്കോ വില്യംസും നെയ്മറുടെ ഒരു ഫാൻ ബോയ് ആണ്. ഫൈനൽ മത്സരത്തിൽ ഗോൾ നേടിയതിനു ശേഷം വില്യംസ് നടത്തിയിരുന്നത് നെയ്മറുടെ സെലിബ്രേഷനായിരുന്നു. നെയ്മർ തനിക്കൊരു ഇൻസ്പിരേഷൻ ആണെന്നും നെയ്മറുടെ സ്ക്കില്ലുകൾ അനുകരിക്കാൻ താൻ ശ്രമിക്കാറുണ്ടെന്നും നിക്കോ കഴിഞ്ഞ മത്സരത്തിനുശേഷം പറഞ്ഞിരുന്നു. യുവ സൂപ്പർ താരങ്ങളായ സാവി സിമൺസ്,ജമാൽ മുസിയാല എന്നിവരൊക്കെ നെയ്മറോടുള്ള തങ്ങളുടെ ആരാധന ഈയിടെ തുറന്ന് പറയുകയും ചെയ്തിരുന്നു.