ഇനി അത് ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കും: തുറന്ന് പറഞ്ഞ് സ്‌കലോണി
കോപ്പ അമേരിക്കയിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ മികച്ച വിജയം നേടാൻ നിലവിലെ ജേതാക്കളായ അർജന്റീനക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു അർജന്റീന പെറുവിനെ പരാജയപ്പെടുത്തിയത്. എന്നാൽ മത്സരത്തിൽ ടീമിനോടൊപ്പം സൈഡ് ലൈനിൽ പരിശീലകൻ സ്‌കലോണി ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന് കോൺമെബോൾ ഒരു മത്സരത്തിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു.ചിലിക്കെതിരെയുള്ള മത്സരത്തിന്റെ രണ്ടാം പകുതിയിൽ കളിക്കളത്തിലേക്ക് ഇറങ്ങാൻ വൈകിയത് കൊണ്ടാണ് സ്‌കലോണിക്ക് സസ്പെൻഷനും പിഴയും ലഭിച്ചിരുന്നത്.
അദ്ദേഹത്തിന്റെ കോച്ചിംഗ് സ്റ്റാഫുമാരായ പാബ്ലോ ഐമറും വാൾട്ടർ സാമുവലുമായിരുന്നു കഴിഞ്ഞ മത്സരത്തിൽ കാര്യങ്ങളെ നിയന്ത്രിച്ചിരുന്നത്. നാളെ നടക്കുന്ന മത്സരത്തിലേക്ക് സ്‌കലോണി തിരിച്ചെത്തും. ഇനി ഇത്തരം പിഴവുകൾ ഉണ്ടാവാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുമെന്ന് സ്‌കലോണി പറഞ്ഞിട്ടുണ്ട്.ഇന്നലത്തെ പ്രസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.അർജന്റീന പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
“തീർച്ചയായും എല്ലാവരും ടീമിനോടൊപ്പം ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് ഒരു പരിശീലകനാകുമ്പോൾ കൂടുതലായിട്ട് ആഗ്രഹം കാണും.അതൊരു വിചിത്രമായ സാഹചര്യമായിരുന്നു. ഇനി അത് സംഭവിക്കാതിരിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കും.അത് ഞാൻ മാത്രമായിരുന്നില്ല.എന്റെ താരങ്ങളോടൊപ്പം ഉണ്ടായിരിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു. എന്നിരുന്നാലും കോച്ചിംഗ് സ്റ്റാഫ് മികച്ച രൂപത്തിൽ എല്ലാം കൈകാര്യം ചെയ്തു ” ഇതാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
നാളെ നടക്കുന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ അർജന്റീനയും ഇക്വഡോറും തമ്മിലാണ് ഏറ്റുമുട്ടുക. നാളെ രാവിലെ 6:30നാണ് ഈയൊരു മത്സരം കാണാൻ സാധിക്കുക. കോപ്പ അമേരിക്കക്ക് മുന്നേ ഈ രണ്ട് ടീമുകളും ഒരു സൗഹൃദ മത്സരം കളിച്ചിരുന്നു.മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് വിജയിക്കാൻ അർജന്റീനക്ക് കഴിഞ്ഞിരുന്നു.