ഇനിയുമൊരുപാട് റെക്കോർഡുകൾ തകർക്കാനാവട്ടെ, ഞാനതിൽ അഭിമാനം കൊള്ളുന്നു, നെയ്മറോട് റൊണാൾഡോ പറയുന്നു !

കഴിഞ്ഞ ദിവസം പെറുവിനെതിരെ നടന്ന മത്സരത്തിൽ ബ്രസീലിയൻ നെയ്മർ ജൂനിയർ മറ്റൊരു ഹാട്രിക്ക് കൂടി സ്വന്തം പേരിൽ കുറിച്ചിരുന്നു. അതോടെ ഇതിഹാസങ്ങളുടെ വിളനിലമായ ബ്രസീലിന്റെ എക്കാലത്തെയും ടോപ് സ്കോറർമാരിൽ രണ്ടാം സ്ഥാനത്തേക്ക് എത്താൻ നെയ്മറിന് കഴിഞ്ഞിരുന്നു. 62 ഗോളുകൾ നേടിയ ഇതിഹാസതാരം റൊണാൾഡോയുടെ റെക്കോർഡാണ് നെയ്മർ ഭേദിച്ചത്. തുടർന്ന് റൊണാൾഡോയുടെ ഗോൾ സെലിബ്രേഷൻ അനുകരിച്ചു കൊണ്ട് നെയ്മർ അദ്ദേഹത്തെ ആദരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വളരെ ഹൃദയസ്പർശിയായ ഒരു കുറിപ്പ് നെയ്‌മർക്ക് സമ്മാനിച്ചിരിക്കുകയാണ് റൊണാൾഡോ. തന്റെ ഇൻസ്റ്റാഗ്രാമിലാണ് നെയ്‌മറുടെ ഫോട്ടോ സഹിതം അദ്ദേഹത്തിനുള്ള സന്ദേശം റൊണാൾഡോ കുറിച്ചത്. ആകാശത്തോളം ഉയരത്തിലെത്താനാണ് റൊണാൾഡോ നെയ്മറോട് കല്പിച്ചിരിക്കുന്നത്. അസാധ്യമായത് ഒന്നുമില്ലെന്നും തന്നെ കാത്ത് ഒരുപാട് റെക്കോർഡുകൾ കിടക്കുന്നുണ്ടെന്നും അതെല്ലാം തകർക്കണമെന്നും ഒരു ബ്രസീലിയൻ താരം ഉയരത്തിലെത്തുന്നതിൽ തനിക്ക് അഭിമാനമേ ഒള്ളൂ എന്നും റൊണാൾഡോ കുറിച്ചു.

” നെയ്‌മർ, നിനക്ക് എന്റെ എല്ലാ വിധ ബഹുമാനങ്ങളും. നീ ഒരുപാട് കാര്യങ്ങൾ ചെയ്തു. നീ ഒരുപാട് കളിച്ചു, നീ ഡ്രിബ്ൾ ചെയ്തു, അസിസ്റ്റുകൾ നൽകി, ഗോളുകൾ കണ്ടെത്തി. നിന്റെ പരിധി എന്നുള്ളത് ആകാശമാണ്. അത്രത്തോളം നീ പറക്കൂ… എന്ത് മനോഹരമായ ചരിത്രമാണ് നീ രേഖപ്പെടുത്തി വെച്ചിരിക്കുന്നത്. ഒരു സമ്പൂർണനായ താരമാണ് നീ.. എനിക്കറിയാം ബ്രസീലിന്റെ ജേഴ്സി അണിയുന്നത് എത്രത്തോളം വെല്ലുവിളി നിറഞ്ഞതും എത്രത്തോളം സമ്മർദ്ദം ഏറിയതുമാണെന്ന്. അസാധ്യമായത് ഒന്നുമില്ല നെയ്മർ.. നീ നിന്നിൽ തന്നെ വിശ്വാസമർപ്പിക്കുക.. നിന്നിലെ പ്രതിഭയിൽ വിശ്വാസമർപ്പിക്കുക.. അപ്പൊ ഒരാൾക്കും നിന്നെ തളർത്താനാവില്ല. നിനക്ക് ഒരു റെക്കോർഡുകൾ ഭേദിക്കാനും അടയാളങ്ങൾ രേഖപ്പെടുത്താനുമുണ്ട്. ഒരു ബ്രസീലിയൻ ഏറ്റവും ഉയരത്തിൽ എത്തുന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു ” റൊണാൾഡോ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!