ഇത് ഫിഫ അംഗീകരിച്ച ഒഫീഷ്യൽ മത്സരം,കിരീടം നേടണം : ഫൈനലിസിമയെ കുറിച്ച് മെസ്സി!

ഫൈനലിസിമ മത്സരത്തിനുള്ള ഒരുക്കത്തിലാണ് നിലവിൽ ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരായ അർജന്റീനയുള്ളത്. യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയാണ് അർജന്റീനയുടെ എതിരാളികൾ. നാളെ രാത്രി ഇന്ത്യൻ സമയം 12:15-ന് ഇംഗ്ലണ്ടിലെ വെമ്ബ്ലി സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.

ഏതായാലും കഴിഞ്ഞദിവസം TYC സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ സൂപ്പർ താരം ലയണൽ മെസ്സി തങ്ങളുടെ എതിരാളികളായ ഇറ്റലിയെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. മാത്രമല്ല ഇത് ഫിഫ അംഗീകരിച്ച ഒഫീഷ്യൽ കോമ്പിറ്റീഷനാണെന്നും തങ്ങൾക്ക് കിരീടം നേടേണ്ടതുണ്ടെന്നും മെസ്സി കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഫൈനലിസിമ മത്സരം ഞങ്ങൾക്ക് വിജയിക്കേണ്ടത്.ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു നല്ല പരീക്ഷണമാണ്. കാരണം അവർ യൂറോപ്പ്യൻ ചാമ്പ്യന്മാരാണ്. വേൾഡ് കപ്പിന് യോഗ്യത നേടിയിരുന്നുവെങ്കിൽ അവർ ഫേവറേറ്റുകളാവുമായിരുന്നു. പക്ഷേ നിർഭാഗ്യം കൊണ്ട് അവർക്ക് വേൾഡ് കപ്പിന് യോഗ്യത നേടാൻ കഴിഞ്ഞില്ല.പ്ലേ ഓഫ് മത്സരങ്ങൾക്ക് മുന്നേ തന്നെ അവർക്ക് വേൾഡ് കപ്പിന് യോഗ്യത നേടാൻ കഴിയുമായിരുന്നു.പക്ഷേ അതിന് സാധിച്ചില്ല.ഫുട്ബോൾ ചിലപ്പോൾ ഇങ്ങനെയൊക്കെയാണ്. അവർ വേൾഡ് കപ്പിന് ഉണ്ടായിരുന്നുവെങ്കിൽ അവരെ എതിരാളികളായി ലഭിക്കാൻ ആരും ആഗ്രഹിക്കുമായിരുന്നില്ല. അതുകൊണ്ടുതന്നെ ഇറ്റലിക്കെതിരെയുള്ള മത്സരം ഞങ്ങളുടെ വളർച്ചയ്ക്ക് അനുകൂലമായ ഒരു പരീക്ഷണമാണ്.വേൾഡ് കപ്പിന് ഒരുങ്ങാൻ പറ്റിയ ഏറ്റവും മികച്ച മാർഗ്ഗം ഇതാണ്. തീർച്ചയായും ഇറ്റലിയും ഈ മത്സരത്തെ ഗൗരവമായി തന്നെയാണ് കാണുക. കാരണം ഇതൊരു ഒഫീഷ്യൽ കോമ്പറ്റീഷനാണ്. ഫിഫ അംഗീകരിച്ചതുമാണ്. ഞങ്ങൾക്ക് ഒരു കിരീടം കൂടി നേടാനുള്ള അവസരമാണ്. യൂറോ ചാമ്പ്യൻമാർക്ക് വേൾഡ് കപ്പിന് യോഗ്യത ലഭിച്ചില്ല എന്നുള്ളത് ക്രെസിയായിട്ടുള്ള ഒരു കാര്യമാണ്. ഇറ്റലിയുടെ കാര്യത്തിൽ സഹതാപമുണ്ട്. എന്റെ സഹ താരങ്ങളും സുഹൃത്തുക്കളും ആ ടീമിൽ ഉണ്ട്.വെറാറ്റി ഇറ്റലിക്ക് വേണ്ടിയാണ് കളിക്കുന്നത്. അദ്ദേഹം വേൾഡ് കപ്പിന് ഇല്ല എന്നുള്ളത് വളരെയധികം വേദനയുണ്ടാക്കുന്ന കാര്യമാണ് ” ഇതാണ് മെസ്സി പറഞ്ഞിട്ടുള്ളത്.

ഇതിനു മുൻപ് രണ്ടു തവണ ഫൈനലിസിമ മത്സരം നടത്തപ്പെട്ടിട്ടുണ്ട്.1985-ൽ ഫ്രാൻസും 1993-ൽ അർജന്റീനയുമാണ് ഈ കിരീടം നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *