ഇത് മെസ്സിയുടെ ആറാം കോപ്പ, ഇത്തവണയെങ്കിലും കിരീടമുയർത്തുമോ?
അർജന്റീന ദേശീയ ടീമിനൊപ്പം ഒരു കിരീടത്തിൽ മുത്തമിടാനുള്ള ഭാഗ്യം ഇതുവരെ ലയണൽ മെസ്സിക്ക് ലഭിച്ചിട്ടില്ല. ഒരുപാട് തവണ അതിന് തൊട്ടടുത്ത് വരെ എത്തിയിട്ടുണ്ടെങ്കിലും കിരീടം ഇപ്പോഴുമൊരു സ്വപ്നം മാത്രമാണ്. ഇനി നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക മെസ്സിയുടെ ആറാമത്തെ കോപ്പയാണ്. ഇതിനു മുൻപ് അഞ്ചുതവണ മെസ്സി കോപ്പ അമേരിക്കയിൽ പങ്കെടുത്തിട്ടുണ്ട്. ആ ചരിത്രമൊന്ന് പരിശോധിക്കാം..
വെനിസ്വേല- 2007
മെസ്സി പങ്കെടുത്ത ആദ്യത്തെ കോപ്പ അമേരിക്ക. അർജന്റീന ഫൈനൽ വരെ എത്തിയെങ്കിലും ബ്രസീലിനോട് ഫൈനലിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെട്ടു. ടൂർണ്ണമെന്റിൽ മെസ്സി രണ്ടു ഗോളുകൾ നേടി. പെറുവിനെതിരെ ക്വാർട്ടർ ഫൈനലിലും മെക്സിക്കോ ക്കെതിരെ സെമിഫൈനലിലുമാണ് മെസ്സി ഗോളുകൾ നേടിയത്.
അർജന്റീന -2011
സ്വന്തം നാട്ടിൽ നടന്ന കോപ്പ അമേരിക്കയിൽ മെസ്സിക്ക് പ്രതീക്ഷക്കൊത്തുയരാൻ കഴിയാതെപോയി. നാല് മത്സരങ്ങളിൽ ഒരു ഗോൾ പോലും നേടാൻ മെസ്സിക്ക് കഴിഞ്ഞില്ല. ക്വാർട്ടർ ഫൈനലിൽ ഉറുഗ്വക്കെതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ ഗോൾ നേടിയെങ്കിലും പുറത്താവാനായിരുന്നു വിധി.
ചിലി – 2015
പരാഗ്വക്കെതിരെ ഇരട്ടഗോളുകൾ നേടിക്കൊണ്ട് കോപ്പ തുടങ്ങാൻ മെസ്സിക്ക് സാധിച്ചു.ഫൈനൽ വരെ കുതിപ്പ് തുടർന്നുവെങ്കിലും ഫൈനലിൽ കാലിടറി. പെനാൽറ്റി ഷൂട്ടൗട്ടിൽ 4-1-നാണ് ചിലിയോട് പരാജയപ്പെട്ടത്.
🔟🇦🇷🏆 La historia de Messi en la Copa Américahttps://t.co/PdbXtK6YS9
— Diario Olé (@DiarioOle) June 10, 2021
അമേരിക്ക -2016
ടൂർണമെന്റിൽ അഞ്ച് ഗോളുകൾ നേടിക്കൊണ്ട് മെസ്സി തിളങ്ങി നിന്നു.വെനിസ്വേലയെയും അമേരിക്കയെയുമൊക്കെ തകർത്തു കൊണ്ട് അർജന്റീന ഫൈനലിൽ എത്തി. എന്നാൽ ചിലിക്ക് മുന്നിൽ വീണ്ടും കാലിടറി. ഇത്തവണ മെസ്സിയും പെനാൽറ്റി പാഴാക്കി.
2019-ബ്രസീൽ
ഗ്രൂപ്പ് സ്റ്റേജിൽ ഒരു പെനാൽറ്റി ഗോൾ സ്വന്തമാക്കി.ക്വാർട്ടറിൽ വെനിസ്വേലയേ പരാജയപ്പെടുത്തി സെമിയിൽ എത്തിയെങ്കിലും രണ്ട് ഗോളുകൾക്ക് ബ്രസീലിനോട് പരാജയപ്പെട്ടു.മൂന്നാം സ്ഥാനക്കാർക്കുള്ള മത്സരത്തിൽ ചിലിയെ പരാജയപ്പെടുത്തിയെങ്കിലും മെസ്സിക്ക് റെഡ് കാർഡ് കണ്ടു പുറത്ത് പോവേണ്ടി വന്നു.