ഇതിഹാസത്തെ മറികടന്ന് മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കി മെസ്സി!
കഴിഞ്ഞ ദിവസം നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ വെനിസ്വേലയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു അർജന്റീന പരാജയപ്പെടുത്തിയത്. മത്സരത്തിൽ മെസ്സി കളിച്ചിരുന്നുവെങ്കിലും ഗോളോ അസിസ്റ്റോ നേടാൻ താരത്തിന് സാധിച്ചിരുന്നില്ല. എന്നിരുന്നാലും മത്സരത്തിൽ പങ്കെടുത്തതോട് കൂടി മറ്റൊരു റെക്കോർഡ് കൂടി മെസ്സി സ്വന്തമാക്കിയിട്ടുണ്ട്. അർജന്റൈൻ ജേഴ്സിയിൽ ഏറ്റവും കൂടുതൽ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡാണ് മെസ്സി സ്വന്തമാക്കിയത്. ഇതിഹാസ താരമായ ഹവിയർ സനേട്ടിയെയാണ് മെസ്സി മറികടന്നത്. വെനിസ്വേലക്കെതിരെയുള്ള മത്സരം മെസ്സിയുടെ 52-ആമത് വേൾഡ് കപ്പ് യോഗ്യത മത്സരമായിരുന്നു. സനേട്ടി ഇതുവരെ അർജന്റീനക്ക് വേണ്ടി 51 വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്.
La vida es eso que pasa mientras Messi rompe récords 🔟😱
— CONMEBOL.com (@CONMEBOL) September 3, 2021
Lionel Messi llegó a su partido número 52 en #EliminatoriasSudamericanas con la Selección Argentina 🇦🇷 y superó al histórico Javier Zanetti como el futbolista argentino con más presencias en la competencia 👏 pic.twitter.com/AzPWfBrcdT
ഈ മത്സരങ്ങളിൽ നിന്നായി മെസ്സി ആകെ 23 ഗോളുകളും 10 അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്.അതേസമയം അർജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചിട്ടുള്ള താരവും ലയണൽ മെസ്സി തന്നെയാണ്.147 മത്സരങ്ങൾ കളിച്ച മഷെരാനോയെയായിരുന്നു മെസ്സി മുമ്പ് പിന്തള്ളിയത്. അതേസമയം അർജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകളും കൂടുതൽ അസിസ്റ്റുകളും നേടിയ താരം ലയണൽ മെസ്സി തന്നെയാണ്.76 ഗോളുകളും 47 അസിസ്റ്റുകളുമാണ് മെസ്സി സ്വന്തമാക്കിയിട്ടുള്ളത്.
ഏതായാലും അർജന്റീനയുടെ അടുത്ത മത്സരം ബ്രസീലിനെതിരെയാണ്. ഈ മത്സരത്തിൽ മെസ്സിയുടെ ഗോൾപങ്കാളിത്തമുണ്ടാവുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ