ഇതിഹാസത്തിന് നാപോളിയുടെ ആദരം, സ്റ്റേഡിയത്തിന് മറഡോണയുടെ പേരുനൽകുമെന്ന് നാപോളി !

ഇന്നലെയായിരുന്നു ഫുട്ബോൾ ലോകത്തെ മുഴുവനും കണ്ണീരിലാഴ്ത്തി കൊണ്ട് ഡിയഗോ മറഡോണയെന്ന ഇതിഹാസം ലോകത്തോട് വിടപറഞ്ഞത്. താരത്തിന്റെ വിയോഗം ലോകത്തിനു തന്നെ ഞെട്ടലേൽപ്പിച്ച ഒന്നായിരുന്നു. ഇപ്പോഴിതാ താരത്തോടുള്ള ആദരസൂചകമായി നാപോളിയുടെ മൈതാനത്തിന് മറഡോണയുടെ പേര് നൽകുമെന്ന് അറിയിച്ചിരിക്കുകയാണ് നേപിൾസ് മേയർ. നാപോളിയുടെ സാൻ പോളോ സ്റ്റേഡിയം ഇനി ഡിയഗോ അർമാണ്ടോ മറഡോണ സ്റ്റേഡിയം എന്ന പേരിലായിരിക്കും അറിയപ്പെടുക. നാപോളിക്ക്‌ സിരി എ കിരീടം ലഭിക്കാനുള്ള കാരണം തന്നെ മറഡോണയായിരുന്നു. 1984 മുതൽ 1991 വരെയാണ് മറഡോണ നാപോളിക്ക്‌ വേണ്ടി പന്തുതട്ടിയിരുന്നത്. 1984-ൽ എഫ്സി ബാഴ്സലോണയിൽ നിന്നായിരുന്നു മറഡോണ നാപോളിയിൽ എത്തിയിരുന്നത്. ആദ്യ സീസണിൽ തന്നെ പതിനാലു ഗോളുകൾ നേടിക്കൊണ്ട് താരം വരവറിയിച്ചിരുന്നു. തുടർന്ന് 1986-87, 1989-90 സീസണുകളിൽ നാപോളിക്ക്‌ സിരി എ കിരീടം നേടികൊടുക്കാൻ മറഡോണക്ക്‌ സാധിച്ചു.

ആറു സീസണുകളിൽ 259 മത്സരങ്ങൾ നാപോളിക്ക്‌ വേണ്ടി കളിച്ച മറഡോണ 115 ഗോളുകൾ നേടിയിട്ടുണ്ട്. നേപിൾസ് ജനതയുടെ ഏറ്റവും പ്രിയപ്പെട്ട താരമാണ് മറഡോണ. ” ഡിയഗോ അർമാണ്ടോ മറഡോണയോടുള്ള ആദരസൂചകമായി ഞങ്ങൾ സാൻ പോളോ സ്റ്റേഡിയത്തിന് അദ്ദേഹത്തിന്റെ പേര് നൽകും. എക്കാലത്തെയും മികച്ച താരമാണ് മറഡോണ. ഇന്ന് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു. ഞങ്ങളുടെ ജനതയുടെ സ്വപ്നം അദ്ദേഹമാണ് സാക്ഷാൽക്കരിച്ചത്. അദ്ദേഹത്തിന്റെ പ്രതിഭ കൊണ്ട് അദ്ദേഹം നേപിൾസിനെ വീണ്ടെടുത്തു. 2017-ൽ അദ്ദേഹം ഞങ്ങളുടെ പൗരനായി മാറിയിരുന്നു. നിങ്ങൾ ഞങ്ങൾക്കെപ്പോഴും സന്തോഷമാണ് നൽകിയിരുന്നത്. നേപിൾസ് നിങ്ങളെ സ്നേഹിക്കുന്നു ” നേപിൾസ് മേയർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *