ഇങ്ങനെ കാണുന്നത് തന്നെ മനോഹരം,കഴിയുന്ന കാലമത്രയും കളിക്കട്ടെ: മെസ്സിയെ കുറിച്ച് സ്കലോണി!
സൂപ്പർ താരം ലയണൽ മെസ്സി അർജന്റീനക്ക് വേണ്ടി ഇന്ന് മാസ്മരിക പ്രകടനമാണ് പുറത്തെടുത്തത്. എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് അർജന്റീന ബൊളീവിയയെ പരാജയപ്പെടുത്തിയത്.അതിൽ അഞ്ച് ഗോളുകളിലും നമുക്ക് മെസ്സിയെ കാണാൻ സാധിക്കും. മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് മെസ്സി മത്സരത്തിൽ സ്വന്തമാക്കിയിട്ടുള്ളത്. ഗംഭീര പ്രകടനം നടത്തി കൊണ്ടാണ് അർജന്റീന വിജയവഴിയിൽ തിരികെ എത്തിയിട്ടുള്ളത്.
മത്സരശേഷം ലയണൽ മെസ്സിയെ പ്രശംസിച്ചുകൊണ്ട് പരിശീലകനായ ലയണൽ സ്കലോണി രംഗത്ത് വന്നിട്ടുണ്ട്. മെസ്സി ചെയ്യുന്ന കാര്യങ്ങൾ സൈഡ് ബെഞ്ചിൽ ഇരുന്നുകൊണ്ട് താൻ ആസ്വദിക്കുകയാണ് എന്നാണ് സ്കലോണി പറഞ്ഞിട്ടുള്ളത്. മെസ്സി അത്ഭുതപ്പെടുത്തുന്നത് ഒരിക്കലും അവസാനിപ്പിക്കില്ലെന്നും കഴിയുന്ന കാലത്തോളം കളിക്കാൻ മാത്രമാണ് ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെടുന്നതെന്നും സ്കലോണി പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” മെസ്സി എന്നെ അത്ഭുതപ്പെടുത്തുന്നത് ഒരിക്കലും നിർത്താറില്ല. ഒരു സമയത്ത് ഞാൻ ബെഞ്ചിൽ ഇരുന്നുകൊണ്ട് ഐമറിനോട് പറഞ്ഞു, മെസ്സിയുടെ പ്രകടനം എന്ത് മനോഹരമാണ്.ബെഞ്ചിൽ ഇരുന്നുകൊണ്ട് അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ ആസ്വദിക്കാനും മറ്റുള്ളവർ അദ്ദേഹത്തെ സപ്പോർട്ട് ചെയ്യുന്നത് ആസ്വദിക്കാനും എനിക്ക് സാധിക്കുന്നു. മെസ്സി എപ്പോഴും നമ്മെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കും.സാധ്യമാകുന്ന അത്രയും കാലം അദ്ദേഹം കളിക്കട്ടെ.അത് മാത്രമാണ് മെസ്സിയോട് എനിക്ക് ആവശ്യപ്പെടാനുള്ളത്. അദ്ദേഹം കളിക്കളത്തിൽ ഉണ്ടാവുക എന്നത് വളരെയധികം സന്തോഷം നൽകുന്ന ഒരു കാര്യമാണ് “ഇതാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
അർജന്റീനക്ക് വേണ്ടി ആകെ 10 ഹാട്രിക്കുകൾ പൂർത്തിയാക്കാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. 112 ഗോളുകളാണ് ആകെ അദ്ദേഹം അർജന്റീനക്ക് വേണ്ടി നേടിയിട്ടുള്ളത്. കരിയറിൽ 846 ഗോളുകളും 377 അസിസ്റ്റുകളും നേടി 1223 ഗോൾ പങ്കാളിത്തങ്ങൾ വഹിക്കാൻ മെസിക്ക് കഴിഞ്ഞിട്ടുണ്ട്.