ഇംഗ്ലണ്ടിലേക്കില്ല,സ്പെയിനിൽ പരിശീലനം നടത്താൻ അർജന്റീന!
വരുന്ന ജൂൺ മാസത്തിലാണ് ഫുട്ബോൾ ലോകത്തെ രണ്ട് വമ്പൻ ടീമുകൾ മറ്റുരക്കുന്ന ഒരു പോരാട്ടം ആരാധകരെ കാത്തിരിക്കുന്നത്. ലാറ്റിനമേരിക്കൻ ചാമ്പ്യൻമാരായ അർജന്റീനയുടെ എതിരാളികൾ യൂറോപ്യൻ ചാമ്പ്യൻമാരായ ഇറ്റലിയാണ്.ജൂൺ ഒന്നിന് രാത്രി ഇന്ത്യൻ സമയം 12:15-ന് വെബ്ലിയിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.
ഇതിന് മുന്നോടിയായുള്ള പരിശീലനങ്ങൾ നടത്താൻ അർജന്റീന തീരുമാനിച്ചിരുന്നത് ഇംഗ്ലീഷ് ക്ലബ്ബായ വാട്ട്ഫോർഡിന്റെ ട്രെയിനിംഗ് ഗ്രൗണ്ടിലായിരുന്നു.എന്നാൽ ഇക്കാര്യത്തിൽ അർജന്റീന ഒരു മാറ്റം ഇപ്പോൾ വരുത്തിയിട്ടുണ്ട്.സ്പാനിഷ് ക്ലബ്ബായ ബിൽബാവോയുടെ മൈതാനത്തായിരിക്കും അർജന്റീന പരിശീലനം നടത്തുക. പ്രമുഖ മാധ്യമമായ TYC സ്പോർട്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
— Murshid Ramankulam (@Mohamme71783726) May 18, 2022
ഇതിനുള്ള കാരണവും അവർ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതായത് മെയ് 23 മുതലാണ് അർജന്റീന ക്യാമ്പ് തുടങ്ങാൻ ഉദ്ദേശിക്കുന്നത്.എന്നാൽ വാട്ട്ഫോർഡിലെ ഹോട്ടലിൽ മെയ് 27 മുതലേ ടീമിനെ സ്വീകരിക്കുകയുള്ളൂ.ഇതിനാലാണ് ഇപ്പോൾ അർജന്റീന തങ്ങളുടെ പരിശീലന ഗ്രൗണ്ട് മാറ്റിയിട്ടുള്ളത്.
മാത്രമല്ല ഫൈനലിസിമ മത്സരത്തിന് ശേഷം ഇംഗ്ലണ്ടിൽ തുടരാൻ അർജന്റൈൻ താരങ്ങൾ ഉദ്ദേശിക്കുന്നില്ല.മറിച്ച് സ്പെയിനിലേക്ക് തന്നെ മടങ്ങാനാണ് അർജന്റീന തീരുമാനിച്ചിരിക്കുന്നത്.ജൂൺ ആറാം തിയ്യതി ഇസ്രയേലിനെതിരെ കളിക്കാൻ അർജന്റീന തീരുമാനിച്ചിട്ടുണ്ട്. പക്ഷേ ഇക്കാര്യത്തിൽ ഒരു ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
ഏതായാലും ആരാധകർ എല്ലാവരും തന്നെ ഉറ്റുനോക്കുന്നത് ഫൈനലിസിമ മത്സരത്തിലേക്കാണ്. ഇറ്റലിയെ പരാജയപ്പെടുത്താൻ കഴിയുമെന്നുള്ള വിശ്വാസം തന്നെയാണ് അർജന്റൈൻ ആരാധകർ വെച്ചുപുലർത്തുന്നത്.