ആ ബ്രസീലിയൻ ഇതിഹാസങ്ങളുമായി ജേഴ്സി കൈമാറാത്തതിൽ ഖേദം പ്രകടിപ്പിച്ച് മെസ്സി!

പുതുതായി ഡയാരിയോ ഒലെക്ക് നൽകിയ അഭിമുഖത്തിൽ മെസ്സി ഒരുപാട് കാര്യങ്ങളെ പറ്റി സംസാരിച്ചിരുന്നു. പ്രത്യേകിച്ചും ഫുട്ബോളിന് പുറത്തുള്ള കാര്യങ്ങൾക്കായിരുന്നു മെസ്സി പ്രാധാന്യം നൽകിയിരുന്നത്. ജേഴ്സി കൈമാറ്റം ചെയ്യുന്ന പ്രക്രിയയെ കുറിച്ച് സംസാരിക്കാനും മെസ്സി അഭിമുഖത്തിൽ സമയം കണ്ടെത്തിയിരുന്നു. ജേഴ്സികൾ സൂക്ഷിച്ച് വെക്കുന്നതിന് ഒരു പ്രത്യേകസ്ഥലം തന്നെ മെസ്സിക്കുണ്ട്. ഒട്ടേറെ മികച്ച താരങ്ങളുടെ ജേഴ്സി ശേഖരവും മെസ്സിയുടെ പക്കലുണ്ട്. എന്നാൽ ബ്രസീലിയൻ ഇതിഹാസങ്ങളായ റൊണാൾഡോയുടെയും റോബെർട്ടോ കാർലോസിന്റെയും ജേഴ്സികൾ തന്റെ പക്കൽ ഇല്ലെന്നും അത്‌ കൈമാറാൻ കഴിയാത്തതിൽ തനിക്ക് ഖേദമുണ്ടെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് മെസ്സി. കരിയറിന്റെ തുടക്കകാലത്ത് ജേഴ്സികൾ ചോദിച്ചു വാങ്ങാൻ തനിക്ക് മടിയായിരുന്നുവെന്നും അതിനാലാണ് തനിക്കെതിരെ കളിച്ചിട്ട് പോലും ഇരുവരുടെയും ജേഴ്‌സികൾ കൈപ്പറ്റാൻ തനിക്ക് കഴിയാതെ പോയതെന്നും മെസ്സി വെളിപ്പെടുത്തി.

” ജേഴ്സികൾ കൈവശം വെക്കുക വഴി വലിയൊരു ഓർമ്മയാണ് നമുക്ക് നിലനിർത്തി കൊണ്ട് പോവാൻ സാധിക്കുന്നത്.കരിയറിന്റെ തുടക്കത്തിൽ എനിക്ക് ജേഴ്സികൾ ചോദിച്ചു വാങ്ങാൻ മടിയായിരുന്നു. മാത്രമല്ല മറ്റുള്ളവർ ഇങ്ങോട്ട് വരികയുമില്ലായിരുന്നു.അർജന്റീനയിൽ എന്റെ സഹോദരൻ ജേഴ്സികൾ സൂക്ഷിച്ചു വെക്കാറുണ്ടായിരുന്നു. പിന്നീട് ഞാനും തുടങ്ങി.പക്ഷേ തുടക്കകാലത്ത് ഞാൻ നേരിട്ട പല മികച്ച താരങ്ങളുടെയും ജേഴ്സികൾ കൈപ്പറ്റാൻ കഴിയാത്തതിൽ എനിക്ക് ഖേദമുണ്ട്.അതിൽ പെട്ട താരങ്ങളാണ് റൊണാൾഡോ ലിമയും റോബെർട്ടോ കാർലോസും. ചിലരുടെ ജേഴ്സികൾ എന്റെ ശേഖരത്തിൽ ഇല്ലെങ്കിലും ഭൂരിഭാഗം പേരുടെയും ജേഴ്സികൾ എന്റെ പക്കലുണ്ട്. നിലവിൽ പലപ്പോഴും ജേഴ്സികൾ കൈമാറാറുണ്ട്.പലരും എന്റെ അടുത്തേക്ക് വന്ന് തന്നെ ജേഴ്സികൾ കൈപറ്റാറുണ്ട് ” മെസ്സി അഭിമുഖത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *