ആരാധകർക്ക്‌ ആശ്വാസം, അർജന്റൈൻ ക്യാമ്പിൽ നിന്നും പുറത്ത് വന്നത് രണ്ട് സന്തോഷവാർത്തകൾ !

കഴിഞ്ഞ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ പരാഗ്വയോട് 1-1 എന്ന സ്കോറിനാണ് അർജന്റീന സമനില വഴങ്ങിയത്. തുടർന്ന് നടന്ന മത്സരത്തിൽ ബ്രസീൽ വിജയിക്കുക കൂടി ചെയ്തതോടെ അർജന്റീന ഒന്നാം സ്ഥാനക്കാരുമായി രണ്ട് പോയിന്റുകൾക്ക്‌ പിറകിലായിരുന്നു. ഏതായാലും രണ്ട് ആശ്വാസവാർത്തകളാണ് ഇപ്പോൾ അർജന്റൈൻ ക്യാമ്പിൽ നിന്നും പുറത്ത് വന്നിരിക്കുന്നത്. ഒന്നാമതായി, പരാഗ്വക്കെതിരെ നടന്ന മത്സരത്തിന് ശേഷം നടത്തിയ കോവിഡ് പരിശോധനഫലം പുറത്ത് വന്നിട്ടുണ്ട്. എല്ലാ താരങ്ങൾക്കും നെഗറ്റീവ് ആയതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. അർജന്റൈൻ മാധ്യമമായ ടിവൈസി സ്പോർട്സ് ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തത്. തുടർന്ന് അർജന്റീന പരിശീലനം ആരംഭിക്കുകയും ചെയ്തു.

രണ്ടാമതായി സൂപ്പർ താരം നിക്കോളാസ് ടാഗ്ലിയാഫിക്കോ പരിശീലനം ആരംഭിച്ചു എന്നുള്ളതാണ്. കഴിഞ്ഞ പരാഗ്വക്കെതിരെയുള്ള മത്സരം പരിക്ക് മൂലം താരത്തിന് നഷ്ടമായിരുന്നു. താരത്തിന്റെ ഇടതുകാലിന്റെ ഹാംസ്ട്രിംഗിന് അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനാലായിരുന്നു പരാഗ്വക്കെതിരെ ഈ ഡിഫൻഡർക്ക്‌ കളിക്കാൻ സാധിക്കാതെ വന്നത്. എന്നാൽ താരം ഫിസിക്കൽ തെറാപ്പിസ്റ്റിന്റെ കീഴിൽ വർക്ക്‌ ചെയ്യുകയും പരിശീലനത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു. ഇതോടെ അടുത്ത പെറുവിനെതിരെയുള്ള മത്സരത്തിൽ താരം കളത്തിലിറങ്ങിയേക്കും. കഴിഞ്ഞ മത്സരത്തിൽ താരത്തിന്റെ പകരമായി നിക്കോളാസ് ഗോൺസാലസിനെയായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. മികച്ച പ്രകടനമായിരുന്നു താരം കാഴ്ച്ചവെച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!