ആദ്യ ഗോളുമായി മെസ്സി, അർജന്റീന കലാശപ്പോരിന്!
ഇന്ന് കോപ്പ അമേരിക്കയിൽ നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ വിജയം നേടാൻ നിലവിലെ ജേതാക്കളായ അർജന്റീനക്ക് സാധിച്ചിട്ടുണ്ട്.എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന കാനഡയെ തോൽപ്പിച്ചത്.ഈ കോപ്പ അമേരിക്കയിലെ ആദ്യ ഗോൾ നേടാൻ മത്സരത്തിൽ ലയണൽ മെസ്സിക്ക് സാധിച്ചിട്ടുണ്ട്. മറ്റൊരു ഗോൾ ഹൂലിയൻ ആൽവരസാണ് സ്വന്തമാക്കിയത്.
മെസ്സി,ഡി മരിയ,ആൽവരസ് എന്നിവരാണ് മുന്നേറ്റ നിരയിൽ സ്റ്റാർട്ട് ചെയ്തിരുന്നത്. മത്സരത്തിന്റെ ഇരുപത്തിമൂന്നാം മിനിട്ടിലാണ് അർജന്റീനയുടെ ഗോൾ വന്നത്.ഡി പോൾ നീട്ടി നൽകിയ ബോൾ ഹൂലിയൻ പിടിച്ചെടുക്കുകയും അത് അനായാസം ഗോളാക്കി മാറ്റുകയും ചെയ്തു.ഈ ഗോളിന്റെ ബലത്തിലാണ് അർജന്റീന ആദ്യപകുതിയിൽ കളം വിട്ടത്.
പിന്നീട് രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മെസ്സിയുടെ ഗോൾ പിറന്നു.ഈ ഗോളിന്റെ ക്രെഡിറ്റ് എൻസോക്ക് കൂടി അവകാശപ്പെട്ടതാണ് എന്ന് പറയേണ്ടിവരും.അദ്ദേഹത്തിന്റെ ഷോട്ട് ലയണൽ മെസ്സി ദിശ മാറ്റി വിടുകയായിരുന്നു.അങ്ങനെയാണ് അർജന്റീനയുടെ രണ്ടാം ഗോൾ പിറന്നത്. ഇനി ഫൈനൽ മത്സരമാണ് അർജന്റീനയെ കാത്തിരിക്കുന്നത്. കൊളംബിയ-ഉറുഗ്വ മത്സരത്തിലെ വിജയികളെയാണ് അർജന്റീന നേരിടുക.