ആഘോഷം മെസ്സിക്കൊപ്പം,സുവാരസ് റൊസാരിയോയിൽ എത്തി!

ഖത്തർ വേൾഡ് കപ്പ് കിരീടം സ്വന്തമാക്കിയതിനുശേഷം ലയണൽ മെസ്സിക്കും സംഘത്തിനും അർജന്റീനയിൽ അത്ഭുതകരമായ വരവേൽപ്പാണ് ലഭിച്ചത്. ലക്ഷക്കണക്കിന് ആളുകളാണ് മെസ്സിയെയും സംഘത്തെയും വരവേറ്റത്.ഈ ആഘോഷ പരിപാടികൾക്ക് ശേഷം മെസ്സി തന്റെ ഹോം ടൗണായ റൊസാരിയോയിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.

റൊസാരിയോയിലും വലിയ വരവേൽപ്പാണ് മെസ്സിക്ക് ലഭിച്ചിട്ടുള്ളത്. നിരവധി ആളുകൾ അവിടെ തടിച്ചു കൂടിയിരുന്നു. നിലവിൽ ലയണൽ മെസ്സി അവധി ആഘോഷത്തിലാണ്. ക്രിസ്മസിന് ശേഷം മാത്രമായിരിക്കും മെസ്സി പിഎസ്ജിക്കൊപ്പം ജോയിൻ ചെയ്യുക എന്നുള്ളതാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. അർജന്റീനയിൽ തന്നെയായിരിക്കും മെസ്സി ഇത്തവണ അവധി ആഘോഷിക്കുക എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം ലയണൽ മെസ്സി കിരീടം നേടിയതിന് പിന്നാലെ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ സുവാരസ് മെസ്സിയെ അഭിനന്ദിച്ചിരുന്നു.മെസ്സിക്കും സുവാരസിനും പുറമേ ഇവരുടെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളാണ്.അതുകൊണ്ടുതന്നെ ക്രിസ്മസ് അവധി ആഘോഷിക്കാൻ വേണ്ടി സുവാരസ് കഴിഞ്ഞ ദിവസം റൊസാരിയോയിൽ എത്തിയിട്ടുണ്ട്.അർജന്റൈൻ മാധ്യമമായ Tyc സ്പോർട്സ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നാഷണലുമായുള്ള കരാർ അവസാനിച്ചതോടുകൂടി സുവാരസ് ഇപ്പോൾ ഫ്രീ ഏജന്റാണ്. ബ്രസീലിയൻ ക്ലബ്ബായ ഗ്രിമിയോ,ക്രൂസ്‌ അസൂൽ എന്നീ ക്ലബ്ബുകളിൽ ഒന്നിലേക്ക് താരം ചേക്കേറാനാണ് ഇപ്പോൾ സാധ്യത കാണുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മാൽഡീവ്സിലായിരുന്നു സുവാരസും കുടുംബവും അവധി ആഘോഷിച്ചിരുന്നത്.ഇതിനുശേഷമാണ് ഇപ്പോൾ ലയണൽ മെസ്സിക്കൊപ്പം അവധി ആഘോഷിക്കാൻ സുവാരസും കുടുംബവും അർജന്റീനയിൽ എത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *