അർത്ഥമില്ലാത്ത പ്രവർത്തി, അർജന്റീനക്കെതിരെ രംഗത്ത് വന്ന് പിഎസ്ജി!
ഈ വരുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ടീമിനെ ഈയിടെയായിരുന്നു അർജന്റൈൻ പരിശീലകൻ ലയണൽ സ്കലോണി പ്രഖ്യാപിച്ചിരുന്നത്. ഉറുഗ്വ, ബ്രസീൽ എന്നിവരെയാണ് അർജന്റീന ഈ മാസം നേരിടുന്നത്. ഈ സ്‌ക്വാഡിൽ സൂപ്പർ താരം ലയണൽ മെസ്സിയെയെയും ലിയാൻഡ്രോ പരേഡസിനെയും സ്കലോണി ഉൾപ്പെടുത്തിയിരുന്നു.
എന്നാൽ പരിക്ക് മൂലം പുറത്തിരിക്കുന്ന മെസ്സിയെയും പരേഡസിനേയും ടീമിൽ ഉൾപ്പെടുത്തിയതിലുള്ള വിയോജിപ്പ് ഇപ്പോൾ താരത്തിന്റെ ക്ലബായ പിഎസ്ജി രേഖപ്പെടുത്തിയിട്ടുണ്ട്. മെസ്സിയെ അർജന്റീന വിളിച്ചതിൽ പിഎസ്ജിക്ക് യോജിപ്പ് ഇല്ലാത്ത അർത്ഥമില്ലാത്ത പ്രവർത്തിയാണ് അർജന്റീന ചെയ്തത് എന്നുമാണ് പിഎസ്ജിയുടെ സ്പോർട്ടിങ് ഡയറക്ടറായ ലിയനാർഡോ അറിയിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) November 6, 2021
” ഞങ്ങൾക്ക് വേണ്ടി പരിക്ക് മൂലം കളിക്കാതിരിക്കുകയും പരിക്കിൽ നിന്നും മുക്തനാവാൻ ശ്രമം നടത്തി കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു താരത്തെ നാഷണൽ ടീമിലേക്ക് വിടുന്നത് ഞങ്ങൾക്ക് യോജിക്കാൻ കഴിയാത്ത കാര്യമാണ്.ഒരു അർത്ഥവുമില്ലാത്ത പ്രവർത്തിയാണിത്.തീർച്ചയായും ഇത്തരം സന്ദർഭങ്ങളിൽ ഫിഫയുമായി കൂടിയാലോചിക്കേണ്ടതുണ്ട് ” ലിയനാർഡോ ലെ പാരീസിയനോട് പറഞ്ഞു.
മെസ്സിയുടെ ഇടത് കാൽമുട്ടിനും ഹാംസ്ട്രിങ്ങിനുമാണ് ഇപ്പോൾ പരിക്കുള്ളത്. കഴിഞ്ഞ ആർബി ലീപ്സിഗ്, ബോർഡെക്സ് എന്നിവർക്കെതിരെയുള്ള മത്സരം മെസ്സി കളിച്ചിരുന്നില്ല. ഇനി അർജന്റീനക്ക് വേണ്ടി താരം കളിക്കുമോ എന്നുള്ള കാര്യവും സംശയത്തിലാണ്.