അർജന്റൈൻ താരങ്ങൾ ഇനി ഒന്നും തന്നെ നേടില്ല : രൂക്ഷമായി വിമർശിച്ച് സ്ലാട്ടൻ

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ ഫ്രാൻസിനെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം നേടാൻ അർജന്റീനക്ക് സാധിച്ചിരുന്നു. എന്നാൽ അതിനു ശേഷം അർജന്റീന താരങ്ങൾ നടത്തിയ സെലിബ്രേഷനൊക്കെ വലിയ രൂപത്തിൽ വിവാദമായിരുന്നു. സൂപ്പർ താരം കിലിയൻ എംബപ്പേയെ എമിലിയാനോ മാർട്ടിനസ്‌ ഉൾപ്പെടെയുള്ളവർ പരിഹസിച്ചത് വലിയ രൂപത്തിൽ ചർച്ചയായിരുന്നു.

ഇതിനെതിരെ സ്വീഡിഷ്‌ ഇതിഹാസമായ സ്ലാട്ടൻ ഇബ്രാഹിമോവിച്ച് രംഗത്ത് വന്നിട്ടുണ്ട്. ലയണൽ മെസ്സിയെ പ്രശംസിച്ചു കൊണ്ടാണ് ആദ്യം സ്ലാട്ടൻ സംസാരിച്ചിട്ടുള്ളത്. അതിനുശേഷം മറ്റുള്ള അർജന്റീന താരങ്ങളെ ഇദ്ദേഹം സെലിബ്രേഷന്റെ പേരിൽ വിമർശിക്കുകയും ചെയ്തു.അർജന്റൈൻ താരങ്ങൾ ഇനി കിരീടങ്ങൾ നേടുന്ന പ്രശ്നമില്ല എന്നാണ് സ്ലാട്ടൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി കൊണ്ടാണ് മെസ്സി പരിഗണിക്കപ്പെടുന്നത്.മെസ്സി വേൾഡ് കപ്പ് നേടുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. പക്ഷേ എംബപ്പേ നേരത്തെ തന്നെ വേൾഡ് കപ്പ് നേടിയതാണ്.അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കാര്യത്തിൽ എനിക്ക് ആശങ്ക ഉണ്ടായിരുന്നില്ല.ഞാൻ മറ്റുള്ള അർജന്റീന താരങ്ങളുടെ കാര്യത്തിലാണ് ആശങ്ക പ്രകടിപ്പിക്കുന്നത്.കാരണം അവർ ഇനി ഒന്നും തന്നെ നേടാൻ പോകുന്നില്ല. മെസ്സി എല്ലാം നേടി കഴിഞ്ഞു,അദ്ദേഹം ഓർമിക്കപ്പെടുക തന്നെ ചെയ്യും. പക്ഷേ മറ്റുള്ള അർജന്റീന താരങ്ങൾ എല്ലാവരും മോശമായി കൊണ്ടാണ് പെരുമാറിയത്. അതിനെ നമുക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.ഒരു പ്രൊഫഷണൽ ടോപ്പ് പ്ലെയർ എന്ന രീതിയിലാണ് ഞാൻ സംസാരിക്കുന്നത്. നിങ്ങൾക്ക് ഒരുതവണ വിജയിക്കാൻ കഴിഞ്ഞേക്കാം. പക്ഷേ ഇത്തരത്തിലുള്ള സ്വഭാവം വെച്ച് നിങ്ങൾക്ക് ഒരുപാടൊന്നും നേടാൻ കഴിയില്ല ” ഇതാണ് സ്ലാട്ടൻ പറഞ്ഞിട്ടുള്ളത്.

അതായത് ലയണൽ മെസ്സി ഒഴികെയുള്ള അർജന്റീന താരങ്ങളുടെ പെരുമാറ്റം വളരെ മോശമായിരുന്നുവെന്നും അതുകൊണ്ടുതന്നെ ഇനി കിരീടങ്ങൾ ഒന്നും നേടാൻ അവർക്ക് സാധിക്കില്ല എന്നുമാണ് സ്ലാട്ടൻ വ്യക്തമാക്കിയിട്ടുള്ളത്. നിലവിൽ ഇറ്റാലിയൻ ക്ലബ്ബായ എസി മിലാന്റെ താരമാണ് സ്ലാട്ടൻ.

Leave a Reply

Your email address will not be published. Required fields are marked *