അർജന്റീന Vs ഇറ്റലി : മത്സരതിയ്യതിയും പേരും പുറത്ത്!

ഈ വർഷം നടന്ന കോപ്പ അമേരിക്ക കിരീടം നേടിയിരുന്നത് അർജന്റീനയായിരുന്നു. ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി കൊണ്ടായിരുന്നു അർജന്റീന കോപ്പ അമേരിക്കയിൽ മുത്തമിട്ടിരുന്നത്. അതേസമയം ഇത്തവണത്തെ യൂറോ കപ്പ് കിരീടം കൈക്കലാക്കിയിരുന്നത് ഇറ്റലിയായിരുന്നു. ഇംഗ്ലണ്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി കൊണ്ടാണ് ഇറ്റലി കിരീടത്തിൽ മുത്തമിട്ടത്.

ഏതായാലും ഈ രണ്ട് കിരീടജേതാക്കൾ പരസ്പരം ഇനി ഏറ്റുമുട്ടിയേക്കും. ഇക്കാര്യം നേരത്തെ തന്നെ പുറത്ത് വന്നിരുന്നുവെങ്കിലും ഇതിന്റെ മത്സരതിയ്യതിയും പേരും ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്. കോൺമെബോളും യുവേഫയും ചേർന്ന് കൊണ്ട് കഴിഞ്ഞ ബുധനാഴ്ച്ചയാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.

അടുത്ത വർഷം ജൂൺ ഒന്നിന് ലണ്ടനിലെ പ്രശസ്തമായ വെംബ്ലി സ്റ്റേഡിയത്തിൽ വെച്ചാണ് ഈ പോരാട്ടം അരങ്ങേറുക.’ ഫൈനലിസിമ’ എന്നാണ് ഈ മത്സരത്തെ വിശേഷിപ്പിക്കുക.ലയണൽ മെസ്സി ഉൾപ്പടെയുള്ള സൂപ്പർതാരങ്ങൾ ഈ മത്സരത്തിൽ അണിനിരക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നിലവിൽ മികച്ച ഫോമിലാണ് അർജന്റീന കളിച്ചു കൊണ്ടിരിക്കുന്നത്.27 മത്സരങ്ങളിൽ പരാജയമറിയാതെ അർജന്റീന കുതിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ ഇത്തരത്തിലുള്ള ഒരു അപരാജിത കുതിപ്പ് കുറച്ചു മുൻപ് ഇറ്റലി നടത്തിയിരുന്നു. പക്ഷേ വേൾഡ് കപ്പിന് നേരിട്ട് യോഗ്യത നേടാൻ ഇറ്റാലിയൻ ടീമിന് കഴിഞ്ഞിരുന്നില്ല. ഇനിയിപ്പോ പ്ലേ ഓഫിനെ ആശ്രയിച്ചാണ് ഇറ്റാലിയൻ ടീമിന്റെ ഭാവി നിലകൊള്ളുന്നത്.

Leave a Reply

Your email address will not be published. Required fields are marked *