അർജന്റീന വേൾഡ് കപ്പാണോ നേടിയത് എന്ന നെയ്മറുടെ കമന്റിനോട് പ്രതികരിച്ച് ഡി മരിയ!
കഴിഞ്ഞ ഫൈനലിസിമ മത്സരത്തിൽ വമ്പൻമാരായ ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി കൊണ്ട് കിരീടം ചൂടാൻ അർജന്റീനക്ക് സാധിച്ചിരുന്നു. ഇതിനുശേഷം വലിയ രൂപത്തിലുള്ള ആഘോഷമായിരുന്നു അർജന്റൈൻ താരങ്ങൾ നടത്തിയിരുന്നത്. ഡ്രസ്സിങ് റൂമിൽ വെച്ച് നടന്ന ആഘോഷത്തിൽ ബ്രസീലിനെതിരെ പ്രകോപനപരമായ ഒരു ചാന്റ് അർജന്റൈൻ താരങ്ങൾ മുഴക്കുകയും ചെയ്തിരുന്നു.
ഇതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ ഒരു പേജ് പബ്ലിഷ് ചെയ്തിരുന്നു. ഇതിന് താഴെ സൂപ്പർതാരം നെയ്മർ ജൂനിയർ ഒരു കമന്റുമായി രംഗത്ത് വരികയും ചെയ്തിരുന്നു. അർജന്റീന വേൾഡ് കപ്പാണോ നേടിയത് എന്നായിരുന്നു പരിഹാസരൂപേണ നെയ്മർ കുറിച്ചിരുന്നത്.
എന്നാൽ ഇതിനോട് അർജന്റൈൻ സൂപ്പർ താരമായ എയ്ഞ്ചൽ ഡി മരിയ തന്റെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് നെയ്മറുടെ കമന്റിനെ തമാശരൂപേണയാണ് കാണുന്നതെന്നും നെയ്മർ അത്തരത്തിൽ തമാശകൾ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് എന്നുമാണ് ഡി മരിയ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ TYC സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Di María respondió a la chicana de Neymar: "Les gusta el show"
— TyC Sports (@TyCSports) June 5, 2022
El brasileño, de muy buena relación con Messi, Paredes y el Fideo en PSG, le había restado importancia al título que otorga la Finalissima. https://t.co/A0gnXK5bYr
” നെയ്മർ ജൂനിയറുടെ ആ കമന്റ് സാധാരണമായ ഒരു കാര്യമാണ്. ഇത്തരത്തിലുള്ള തമാശകളെ അദ്ദേഹം ഇഷ്ടപ്പെടുന്നു. ഞങ്ങൾ ഇത് കണ്ട് ചിരിച്ചിരുന്നു. എനിക്ക് നെയ്മറുമായി വളരെ നല്ല ബന്ധമാണുള്ളത്.ലിയാൻഡ്രോ പരേഡസും ലയണൽ മെസ്സിയും പിഎസ്ജിയിൽ തിരിച്ചെത്തിയതിന് ശേഷം ഇതേ കുറിച്ച് സംസാരിക്കുമെന്ന് എനിക്കുറപ്പാണ്. ഇത്തരത്തിലുള്ള ഷോകൾ റിച്ചാർലീസണും നെയ്മറുമൊക്കെ ഇഷ്ടപ്പെടുന്നു. ഞങ്ങൾ വളരെയധികം ശാന്തരാണ്. ഏത് കിരീടമായാലും, രാജ്യത്തിനോടൊപ്പം ഒരു കിരീടം നേടുക എന്നുള്ളത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഒരുപക്ഷേ ചിലർക്ക് അത് മനസ്സിലാകണമെന്നില്ല. പക്ഷേ എന്തുകൊണ്ടാണ് ഞങ്ങൾ അങ്ങനെ ആഘോഷിച്ചത് എന്നുള്ളത് അർജന്റീനക്കാർക്ക് അറിയാം ” ഇതാണ് ഡി മരിയ പറഞ്ഞിട്ടുള്ളത്.
പിഎസ്ജി താരമായിരുന്ന എയ്ഞ്ചൽ ഡി മരിയ ഇപ്പോൾ മറ്റൊരു ക്ലബ്ബിന് വേണ്ടിയുള്ള അന്വേഷണത്തിലാണ്. അതേസമയം വരുന്ന ഖത്തർ വേൾഡ് കപ്പിന് ശേഷം അർജന്റൈൻ ടീമിൽ നിന്നും വിരമിക്കുമെന്ന് നേരത്തെ ഡി മരിയ അറിയിച്ചിരുന്നു.