അവനൊരു കമ്പ്യൂട്ടർ, ഞങ്ങൾ 9-1 എന്ന സ്കോറിന് വിജയിക്കേണ്ടതായിരുന്നു: സ്പാനിഷ് കോച്ച്
ഇന്നലെ യൂറോ കപ്പിൽ നടന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ഗംഭീര വിജയം സ്വന്തമാക്കാൻ സ്പെയിനിന് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അവർ ജോർജിയയെ പരാജയപ്പെടുത്തിയത്.ഒരു ഗോളിന് പിറകിൽ പോയ സ്പെയിൻ നാലെണ്ണം തിരിച്ചടിക്കുകയായിരുന്നു. ഓരോ ഗോളുകളും ഓരോ അസിസ്റ്റുകളും വീതം നേടിയ ഫാബിയാൻ റൂയിസ്,നിക്കോ വില്യംസ് എന്നിവരാണ് മത്സരത്തിൽ തിളങ്ങിയത്. ഒരു ഗോൾ നേടിയ റോഡ്രി മത്സരത്തിൽ മികച്ച പ്രകടനം നടത്തുകയും ചെയ്തു.
പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയത് റോഡ്രിയാണ്. മത്സരത്തിൽ ആകെ 35 ഷോട്ടുകൾ ഉതിർത്ത സ്പെയിൻ ടാർഗറ്റിലേക്ക് 13 ഷോട്ടുകളാണ് പായിച്ചത്. മത്സരത്തിൽ 8-1 എന്ന സ്കോറിനോ 9-1 എന്ന സ്കോറിനോ തങ്ങൾ വിജയിക്കേണ്ടതായിരുന്നുവെന്ന് സ്പെയിൻ പരിശീലകനായ ഫൂന്റെ പറഞ്ഞിട്ടുണ്ട്.റോഡ്രി ഒരു കമ്പ്യൂട്ടറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഒരു സെൽഫ് ഗോൾ വഴങ്ങിയതിനു ശേഷം ടീമിൽ ഒരല്പം ആശങ്ക സംഭവിച്ചു എന്നത് സ്വാഭാവികമായ കാര്യമാണ്. പക്ഷേ ഞങ്ങൾ പൂർവ്വാധികം ശക്തിയോടുകൂടി തിരിച്ചുവന്നു.താരങ്ങൾ നല്ല രൂപത്തിൽ മത്സരത്തെ റീഡ് ചെയ്തു.ആദ്യപകുതിയുടെ സമയത്ത് താരങ്ങൾ വളരെ ശാന്തരായിരുന്നു. കൂടാതെ ഞങ്ങൾക്ക് റോഡ്രിയുണ്ടല്ലോ. അദ്ദേഹം ഒരു കമ്പ്യൂട്ടറിന് സമാനമാണ്.എല്ലാവരുടെയും പ്രകടനം എളുപ്പമാക്കുന്നത് അദ്ദേഹമാണ്. എല്ലാ ഇമോഷനുകളെയും അദ്ദേഹം നിയന്ത്രിച്ചു.അത് എല്ലാവർക്കും വളരെയധികം സഹായകരമായി. ഈ റിസൾട്ട് മത്സരത്തെ പ്രതിഫലിപ്പിക്കുന്നതല്ല. കാരണം ഞങ്ങൾ 8-1 എന്ന സ്കോറിനോ 9-1 എന്ന സ്കോറിനോ വിജയിക്കേണ്ടതാണ്. പക്ഷേ ഇത്തരം ഘട്ടങ്ങളിൽ കിട്ടിയ അവസരങ്ങൾ മുതലെടുക്കാൻ സാധിക്കാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ് “ഇതാണ് സ്പാനിഷ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഈ യൂറോ കപ്പിൽ ഏറ്റവും മികച്ച രൂപത്തിൽ കളിക്കുന്നത് സ്പാനിഷ് ടീമാണെന്ന് നിസംശയം പറയാൻ സാധിക്കും. എല്ലാ മത്സരങ്ങളും അവരിപ്പോൾ വിജയിച്ചു കഴിഞ്ഞിട്ടുണ്ട്. പക്ഷേ ക്വാർട്ടർ ഫൈനൽ മത്സരം കടുപ്പമാണ്.ജർമ്മനിയാണ് സ്പെയിനിന്റെ എതിരാളികൾ.