അമേരിക്കയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ്, ഇന്റർ മിയാമിയെ അഞ്ചാം സ്ഥാനത്തേക്ക് എത്തിച്ച് ലയണൽ മെസ്സി!

സൂപ്പർ താരം ലയണൽ മെസ്സിയെ സ്വന്തമാക്കാൻ അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിക്ക് സാധിച്ചിരുന്നു. തികച്ചും അപ്രതീക്ഷിതമായ രീതിയിലാണ് മെസ്സി ഇന്റർ മിയാമിയിൽ എത്തുന്നത്. കാരണം ഇത്ര വേഗത്തിൽ മെസ്സി യൂറോപ്പ്യൻ ഫുട്ബോളിനോട് വിട പറയും എന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. മെസ്സിക്ക് വേണ്ടി ബാഴ്സയും അൽ ഹിലാലും ശ്രമിച്ചിരുന്നുവെങ്കിലും ഒടുവിൽ വിജയിച്ചത് ഇന്റർ മിയാമിയായിരുന്നു.

മെസ്സിയുടെ സൈനിങ്ങോടു കൂടി ഇന്റർ മിയാമിയുടെ പേരും പ്രശസ്തിയും വളരെയധികം വർദ്ധിച്ചിരുന്നു. ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്‍റെ കാര്യത്തിലും വലിയ വർദ്ധനവായിരുന്നു ഇന്റർ മിയാമിക്ക് ഉണ്ടായിരുന്നത്. ഇപ്പോഴിതാ അമേരിക്കയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള അഞ്ചാമത്തെ സ്പോർട്സ് ക്ലബ്ബ് എന്നാൽ നേട്ടത്തിലേക്ക് ഇന്റർ മിയാമി എത്തിയിട്ടുണ്ട്. ലയണൽ മെസ്സിയുടെ എഫക്ട് തന്നെയാണ് നമുക്കിവിടെ കാണാൻ സാധിക്കുക.

8 മില്യൺ ഫോളോവേഴ്സ് ആണ് നിലവിൽ ഇന്റർമിയാമിക്ക് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്. മെസ്സിയുടെ സൈനിങ്ങ് പ്രഖ്യാപിക്കുന്നതിന് മുന്നേ കേവലം ഒരു മില്യൺ ഫോളോവേഴ്സ് മാത്രമായിരുന്നു ഇന്റർമിയാമിക്ക് ഉണ്ടായിരുന്നത്. ഇന്റർ മിയാമിയുടെ മുകളിലുള്ള ബാക്കി നാല് ക്ലബ്ബുകളും NBL അഥവാ ബാസ്ക്കറ്റ് ബോൾ ക്ലബ്ബുകളാണ്. 9.7 മില്യൺ ഫോളോവേഴ്സ് ഉള്ള ഷിക്കാഗോ ബുൾസ് നാലാം സ്ഥാനത്തും,15.7 മില്യൺ ഫോളോവേഴ്സ് ഉള്ള ക്ലവ് ലാന്റ് കവലിയേഴ്സ് മൂന്നാം സ്ഥാനത്തും 22.8 മില്യൺ ഫോളോവേഴ്സ് ഉള്ള ലോസ് ആഞ്ചലസ് ലേക്കേഴ്സ് രണ്ടാം സ്ഥാനത്തും 30.6 മില്യൺ ഫോളോവേഴ്സ് ഉള്ള ഗോൾഡൻ സ്റ്റേറ്റ് വാരിയേഴ്സ് ഒന്നാം സ്ഥാനത്തുമാണ്.

അമേരിക്കയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള ഫുട്ബോൾ ക്ലബ്ബ് ഇന്റർ മിയാമി തന്നെയാണ്. ഏതായാലും അടുത്തമാസം മെസ്സിയുടെ പ്രസന്റേഷനും അരങ്ങേറ്റവും ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതോടുകൂടി ഇന്റർമിയാമിയുടെ ഫോളോവേഴ്സ് ഇനിയും വർദ്ധിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *