അന്ന് മെസ്സിക്ക് റെഡ് കാർഡ് നൽകാൻ പാടില്ലായിരുന്നു : അരങ്ങേറ്റത്തിൽ മെസ്സിക്ക് റെഡ് നൽകിയ ജർമ്മൻ റഫറി ഒടുവിൽ കുറ്റസമ്മതം നടത്തി !

കൃത്യം 17 വർഷങ്ങൾക്കു മുമ്പായിരുന്നു ലയണൽ മെസ്സി അർജന്റീനയുടെ ദേശീയ ടീമിന് വേണ്ടി അരങ്ങേറ്റം കുറിച്ചത്. ഹംഗറിക്കെതിരെയുള്ള സൗഹൃദമത്സരത്തിൽ പകരക്കാരനായി കൊണ്ടായിരുന്നു മെസ്സി കളത്തിൽ എത്തിയത്.എന്നാൽ മിനിറ്റുകൾക്കകം തന്നെ മെസ്സിക്ക് റെഡ് കാർഡ് ലഭിച്ചുകൊണ്ട് കളം വിടേണ്ടി വരികയായിരുന്നു.ഹങ്കറി താരമായ വിൽമോസുമായുള്ള പോരാട്ടത്തിനൊടുവിൽ അദ്ദേഹത്തിന്റെ മുഖത്തടിച്ചതിനാണ് റഫറിയായ മാർക്കസ് മെർക്ക് ഡയറക്ട് റെഡ് കാർഡ് മെസ്സിക്ക് നൽകിയത്.

ഇതോടെ ലയണൽ മെസ്സിയുടെ അരങ്ങേറ്റം താറുമാറാവുകയായിരുന്നു. എന്നാൽ വർഷങ്ങൾക്ക് ശേഷം ജർമൻ റഫറിയായ മെർക്ക് കുറ്റസമ്മതവുമായി രംഗത്ത് വന്നിട്ടുണ്ട്.അതായത് ലയണൽ മെസ്സി യെല്ലോ കാർഡ് മാത്രമായിരുന്നു അർഹിച്ചിരുന്നത് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ആ സംഭവം ഇന്നായിരുന്നുവെങ്കിൽ VAR ന്റെ സഹായത്തോടെ മെസ്സിക്ക് റെഡ് കാർഡ് ലഭിക്കുമായിരുന്നില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.മെർക്കിന്റെ വാക്കുകൾ Tyc റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഒരർത്ഥത്തിൽ ലയണൽ മെസ്സി അന്ന് യെല്ലോ കാർഡ് മാത്രമായിരുന്നു അർഹിച്ചിരുന്നത്. എന്റെ കാഴ്ചപ്പാടിനേക്കാൾ കുറഞ്ഞ തീവ്രതയിലായിരുന്നു അന്ന് മെസ്സി ആ ഫൗൾ വഴങ്ങിയിരുന്നത്.VAR ഫുട്ബോൾ ലോകത്ത് വന്ന സമയത്ത് ഞാൻ എന്റെ സുഹൃത്തുക്കളോട് ഇതേക്കുറിച്ച് ചോദിച്ചിരുന്നു. അവർ പറഞ്ഞത് മെസ്സിയുടെ കാര്യത്തിലെ ആ തീരുമാനം മാറ്റാൻ സാധിക്കുമായിരുന്നു എന്നുള്ളതാണ്. ഇന്നായിരുന്നുവെങ്കിൽ മെസ്സിക്ക് ആ സംഭവത്തിന് റെഡ് കാർഡ് ലഭിക്കുമായിരുന്നില്ല ” ഇതാണ് മെർക്ക് പറഞ്ഞിട്ടുള്ളത്.

എന്തായാലും അരങ്ങേറ്റം ഇത്തരത്തിലുള്ള ഒരു സംഭവത്തിൽ കലാശിച്ചുവെങ്കിലും അർജന്റീനയുടെ ദേശീയ ടീമിന് വേണ്ടി അത്ഭുതകരമായ ഒരു കരിയർ തന്നെ അവകാശപ്പെടാൻ മെസ്സിക്ക് സാധിക്കും. ഇനി തന്റെ അഞ്ചാമത്തെ വേൾഡ് കപ്പിനുള്ള ഒരുക്കത്തിലാണ് നിലവിൽ മെസ്സിയുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *