അന്ന് പറഞ്ഞ വ്യക്തിപരമായ പ്രശ്നങ്ങൾ എന്തൊക്കെ? വിശദീകരിച്ച് സ്കലോണി!

നാളെ നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ ഉറുഗ്വയാണ്. നാളെ പുലർച്ചെ ഇന്ത്യൻ സമയം 4:30-നാണ് ഈ മത്സരം അരങ്ങേറുക.കഴിഞ്ഞ പെറുവിനെതിരെയുള്ള മത്സരം വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലായിരിക്കും അർജന്റീന കളത്തിലേക്കിറങ്ങുക.

എന്നാൽ പെറുവിനെതിരെയുള്ള മത്സരത്തിന് ശേഷം ഒരല്പം ആശങ്കയുണ്ടാക്കുന്ന പ്രസ്താവനകൾ അർജന്റൈൻ പരിശീലകനായ ലയണൽ സ്കലോണിയുടെ ഭാഗത്തു നിന്നുണ്ടായിരുന്നു.2022-ലെ വേൾഡ് കപ്പിനെ കുറിച്ച് ചോദിച്ചപ്പോൾ സ്കലോണിയുടെ മറുപടി ഇങ്ങനെയായിരുന്നു.

” എനിക്ക് ആദ്യം ചെയ്യേണ്ട കാര്യം എന്റെ വീട്ടിലേക്ക് മടങ്ങുക എന്നുള്ളതാണ്.ഒരുപാട് കാലമായി ഞാനെന്റെ കുടുംബത്തെ കണ്ടിട്ട്.വേൾഡ് കപ്പിനെ കുറിച്ച് ചിന്തിക്കാനുള്ള നല്ലൊരു സാഹചര്യത്തിലൂടെയല്ല ഞാനിപ്പോൾ കടന്നു പോവുന്നത് ” ഇതായിരുന്നു സ്കലോണി പറഞ്ഞത്. ഇതോടെ അദ്ദേഹത്തിന് പേർസണലായി പ്രശ്നങ്ങൾ ഉണ്ടെന്ന് വ്യക്തമാവുകയായിരുന്നു.

അന്നത്തെ ആ പ്രസ്താവനക്ക്‌ ഇപ്പോൾ കൂടുതൽ വിശദീകരണങ്ങൾ അർജന്റൈൻ പരിശീലകൻ നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ ആരോഗ്യസ്ഥിതിയെ കുറിച്ചായിരുന്നു അദ്ദേഹം ആശങ്കപ്പെട്ടിരുന്നത്. ഇന്നലത്തെ പത്രസമ്മേളനത്തിലാണ് സ്കലോണി ഇക്കാര്യം വ്യക്തമാക്കിയത്.

” ഞാൻ അന്ന് അങ്ങനെ പറയാൻ പാടില്ലായിരുന്നു.പക്ഷേ ഇപ്പോൾ കാര്യങ്ങൾ മെച്ചപ്പെട്ടിട്ടുണ്ട്.ഇത് ജീവിതമാണ്.എത്രയും പെട്ടന്ന് എന്റെ മാതാപിതാക്കൾ നല്ലൊരു സാഹചര്യത്തിലേക്ക് തിരികെ എത്തുമെന്ന് പ്രതീക്ഷിക്കാം. ഇതിനെ കുറിച്ച് ഇനി കൂടുതൽ സംസാരിക്കേണ്ട ആവിശ്യമുണ്ടെന്ന് തോന്നുന്നില്ല ” സ്കലോണി പറഞ്ഞു.

ഏതായാലും 2022-ലെ വേൾഡ് കപ്പിലും സ്കലോണി തന്നെയായിരിക്കും അർജന്റീനയുടെ പരിശീലകൻ. കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീന ഇത്തവണ പ്രതീക്ഷകളോടെയായിരിക്കും വേൾഡ് കപ്പിനെ നോക്കി കാണുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!