അന്ന് നെയ്മർക്കെതിരെ ശരിക്കും വെള്ളം കുടിച്ചു, നെയ്മറോട് അത് പറയുകയും ചെയ്തു:തുറന്ന് പറഞ്ഞ് ഡി പോൾ
വരുന്ന കോപ്പ അമേരിക്കക്കുള്ള അർജന്റീനയുടെ തയ്യാറെടുപ്പുകൾ ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.നിലവിലെ ജേതാക്കൾ അർജന്റീനയാണ്.2021ൽ മാരക്കാനയിൽ വെച്ച് നടന്ന ഫൈനൽ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ബ്രസീലിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു അർജന്റീന കിരീടം നേടിയിരുന്നത്. ആ കിരീടം നിലനിർത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇപ്പോൾ അർജന്റീന വരുന്നത്.
ആ ഫൈനൽ മത്സരം ഫുട്ബോൾ ആരാധകർ മറക്കാൻ ഇടയുണ്ടാവില്ല.ബ്രസീലിന് വേണ്ടി അസാധാരണമായ പ്രകടനമായിരുന്നു സൂപ്പർ താരം നെയ്മർ ജൂനിയർ പുറത്തെടുത്തിരുന്നത്.ഒരു വിധമാണ് അർജന്റീന താരങ്ങൾ അദ്ദേഹത്തെ പിടിച്ചു കെട്ടിയത്. ഇത് അർജന്റൈൻ താരങ്ങൾ നേരത്തെ തുറന്നു പറഞ്ഞതുമാണ്. ഒരിക്കൽ കൂടി അതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അർജന്റൈൻ മധ്യനിരതാരമായ റോഡ്രിഗോ ഡി പോൾ. താൻ തന്റെ കരിയറിൽ നേരിട്ടുള്ള ഏറ്റവും ബുദ്ധിമുട്ടേറിയ എതിരാളി കോപ്പ അമേരിക്ക ഫൈനലിലെ നെയ്മറാണ് എന്ന കാര്യമാണ് ഡി പോൾ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ ഇതുവരെ നേരിട്ടതിൽ വച്ച് ഏറ്റവും കടുപ്പമേറിയ എതിരാളി കോപ്പ അമേരിക്ക ഫൈനലിലെ നെയ്മറായിരുന്നു.അന്ന് നെയ്മർ മൃഗ സമാനമായിരുന്നു.ഞാനിത് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഞാൻ നെയ്മറോട് ഇക്കാര്യം തുറന്നു പറയുകയും ചെയ്തു. സത്യം പറഞ്ഞാൽ നിങ്ങൾ ഒരു പ്രതിഭാസമാണ്.നിങ്ങൾ എങ്ങനെ കളിക്കുന്നു എന്നതിൽ മാത്രമല്ല,നിങ്ങളിൽ നിന്നും നിങ്ങളുടെ ഗെയിമിനെ പിടിച്ചു മാറ്റാൻ ആർക്കും കഴിയില്ല. ഇത് ഞാൻ അദ്ദേഹത്തോട് പറഞ്ഞതിനുശേഷം ഞാനും നെയ്മറും ഹഗ് ചെയ്തു.ആ ഫൈനലിലെ നെയ്മർ തികച്ചും അസാധാരണമായിരുന്നു ” ഇതാണ് ഡി പോൾ പറഞ്ഞിട്ടുള്ളത്.
മികച്ച പ്രകടനം നടത്തിയിട്ടും അന്ന് നെയ്മർക്കും കൂട്ടർക്കും പരാജയം ഏറ്റുവാങ്ങേണ്ടി വരികയായിരുന്നു.ബ്രസീലിനൊപ്പം ഇതുവരെ ഒരു കോപ്പ അമേരിക്ക കിരീടം പോലും നേടാൻ കഴിയാത്ത താരമാണ് നെയ്മർ ജൂനിയർ.ഇത്തവണത്തെ കോപ്പ അമേരിക്കയും പരിക്ക് കാരണം നെയ്മർക്ക് നഷ്ടമാകും.2019ലെ കോപ്പ അമേരിക്ക ബ്രസീലാണ് നേടിയതെങ്കിലും അന്ന് നെയ്മർ ഉണ്ടായിരുന്നില്ല.