അധികം വൈകാതെ വിരമിക്കും:തുറന്ന് പറച്ചിലുമായി ലയണൽ മെസ്സി.

സൂപ്പർ താരം ലയണൽ മെസ്സി തന്റെ കരിയറിന്റെ അവസാന കാലഘട്ടത്തിലാണുള്ളത്.ഇനി മെസ്സിയെ നമുക്ക് ഒരുപാട് വർഷമൊന്നും കളിക്കളത്തിൽ കാണാനാവില്ല എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. ലയണൽ മെസ്സി ഇപ്പോഴും തകർപ്പൻ പ്രകടനം നടത്തുന്നുണ്ടെങ്കിലും അദ്ദേഹം പതിയെ പതിയെ തന്റെ കരിയറിന് വിരാമം കുറിക്കുകയാണ്. അതിന്റെ തെളിവാണ് ലയണൽ മെസ്സി ഇന്റർ മിയാമിയിലേക്ക് പോവാൻ തീരുമാനിച്ചത്.36 കാരനായ മെസ്സി ഇപ്പോൾ വിരമിക്കലിനെ കുറിച്ച് മനസ്സ് തുറന്ന് സംസാരിച്ചിട്ടുണ്ട്.

ടിവി പബ്ലിക്കക്ക് നൽകിയ അഭിമുഖത്തിൽ ഒരുപാട് കാര്യങ്ങളെപ്പറ്റി മെസ്സിയോട് ചോദിച്ചിരുന്നു. അർജന്റീന ദേശീയ ടീമിൽ നിന്നും എപ്പോൾ വിരമിക്കും എന്നായിരുന്നു ഒരു ചോദ്യം. അധികം വൈകാതെ തന്നെ തന്റെ വിരമിക്കൽ ഉണ്ടാവുമെന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” സത്യം പറഞ്ഞാൽ ഞാൻ എപ്പോൾ വിരമിക്കും എന്നത് എനിക്ക് തന്നെ അറിയില്ല. പക്ഷേ അത് സംഭവിക്കാനുള്ളതാണ്.ഇപ്പോൾ എല്ലാം കരസ്ഥമാക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്.ഇനി പരമാവധി ആസ്വദിക്കുക എന്നതാണ് എനിക്ക് ചെയ്യേണ്ടത്.എപ്പോൾ വിരമിക്കണം എന്നുള്ളത് തീർച്ചയായും ദൈവം എന്നോട് പറയും.പക്ഷേ എന്റെ പ്രായം പരിഗണിക്കുമ്പോൾ അധികം വൈകാതെ തന്നെ ഞാൻ വിരമിക്കും.പക്ഷേ ശരിയായ സമയം ഏതാണെന്ന് എനിക്കറിയില്ല. ഓരോ ദിവസവും പരമാവധി ആസ്വദിക്കാനാണ് ഞാനിപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.അർജന്റീന ദേശീയ ടീമിൽ എനിക്ക് വളരെ കഠിനമായ ദിവസങ്ങൾ ഉണ്ടായിരുന്നു.പക്ഷേ എല്ലാ കിരീടങ്ങളും നേടാനുള്ള ഭാഗ്യം ഞങ്ങൾക്ക് കൈവന്നു. ഇപ്പോൾ ആസ്വദിക്കാനാണ് ഞാൻ ശ്രമിക്കുന്നത് “ഇതാണ് ലയണൽ മെസ്സി പറഞ്ഞിട്ടുള്ളത്.

അടുത്ത വേൾഡ് കപ്പിൽ കളിക്കില്ല എന്നുള്ളത് ലയണൽ മെസ്സി ആവർത്തിച്ചാവർത്തിച്ച് പറയുന്ന ഒരു കാര്യമാണ്. പക്ഷേ മെസ്സിയെ കളിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സ്കലോണിയും അർജന്റീന താരങ്ങളും ഉള്ളത്. ലയണൽ മെസ്സി 2026ൽ അമേരിക്കയിൽ വെച്ച് നടക്കുന്ന വേൾഡ് കപ്പിൽ ഉണ്ടാവുമെന്ന് തന്നെയാണ് ആരാധക പ്രതീക്ഷകൾ.

Leave a Reply

Your email address will not be published. Required fields are marked *