അദ്ദേഹം കിരീടം നൽകാൻ ഞാൻ ആഗ്രഹിച്ചിരുന്നു: മറഡോണയില്ലാത്ത വിഷമം പങ്കുവെച്ച് മെസ്സി!
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് കിരീടം അർജന്റീന നേടിയപ്പോൾ അത് നേരിട്ട് കാണാനുള്ള ഭാഗ്യം ലഭിക്കാതെ പോയ ഇതിഹാസമാണ് ഡിയഗോ മറഡോണ. 1986 അർജന്റീന വേൾഡ് കപ്പ് നേടിയത് അദ്ദേഹത്തിന്റെ മികവിലായിരുന്നു. അതിനുശേഷം ആദ്യമായി അർജന്റീന വേൾഡ് കപ്പ് കിരീടം നേടുമ്പോഴേക്കും അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞിരുന്നു. ഫുട്ബോൾ ആരാധകർക്ക് തന്നെ വളരെയധികം സങ്കടം ഉണ്ടാക്കിയ ഒരു കാര്യമായിരുന്നു അത്.
പുതുതായി നൽകിയ അഭിമുഖത്തിൽ ലയണൽ മെസ്സിയോട് മറഡോണയെ കുറിച്ച് ചോദിക്കപ്പെട്ടിരുന്നു. മറഡോണ ഇല്ലാത്തതിന്റെ വിഷമം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. വേൾഡ് കപ്പ് കിരീടം മറഡോണ തനിക്ക് സമ്മാനിക്കാനായിരുന്നു താൻ ആഗ്രഹിച്ചിരുന്നത് എന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്. അർജന്റീന വേൾഡ് കപ്പ് കിരീടം നേടാൻ വേറെ ആഗ്രഹിച്ചിട്ടുള്ള ഒരു വ്യക്തിയായിരുന്നു മറഡോണയെന്നും മെസ്സി കൂട്ടി ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Leo Messi: "If Diego [Maradona] had been there, he would have given me the World Cup trophy. That photo would have been very nice." pic.twitter.com/zRx6v4uUaw
— Barça Universal (@BarcaUniversal) January 30, 2023
” വേൾഡ് കപ്പ് കിരീടം മറഡോണ എനിക്ക് നൽകാനായിരുന്നു ഞാൻ ആഗ്രഹിച്ചിരുന്നത്. എന്നിരുന്നാലും ചുരുങ്ങിയത് അദ്ദേഹത്തിന് അർജന്റീന ലോക ചാമ്പ്യന്മാരാവുന്നത് മുകളിൽ നിന്നും കാണാൻ സാധിച്ചുവല്ലോ? അർജന്റീന വേൾഡ് കപ്പ് കിരീടം നേടാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹം വേൾഡ് കപ്പ് നൽകാൻ ഉണ്ടായിരുന്നുവെങ്കിൽ ആ ഫോട്ടോ മികച്ചതാവുമായിരുന്നു.മറഡോണയും അതുപോലെ വിട പറഞ്ഞു പോയ ഒരുപാട് പേരും എനിക്ക് നല്ല കാര്യങ്ങൾ സംഭവിക്കാൻ ആഗ്രഹിച്ചവരാണ്. അവർ എനിക്ക് ശക്തി പകർന്നു നൽകിയിട്ടുണ്ട്. അവർ എല്ലാവരും എന്നെ വളരെയധികം സ്നേഹിച്ചവരാണ് ” ഇതാണ് മെസ്സി പറഞ്ഞിട്ടുള്ളത്.
അർജന്റീനയുടെ എക്കാലത്തെയും മികച്ച ഇതിഹാസങ്ങളിൽ ഒരാളാണ് മറഡോണ.2020 നവംബർ 25 ആം തീയതി ആയിരുന്നു അദ്ദേഹം ലോകത്തോട് വിട പറഞ്ഞത്.