അത് അർജന്റീനക്ക് അനുകൂലമായ പെനാൽറ്റിയായിരുന്നു:2019 കോപ സെമിയെ കുറിച്ച് തുറന്ന് പറഞ്ഞ് റഫറി!

ബ്രസീലിൽ വെച്ച് നടന്ന 2019 കോപ്പ അമേരിക്ക കിരീടം ബ്രസീലായിരുന്നു സ്വന്തമാക്കിയിരുന്നത്. സെമി ഫൈനലിൽ അർജന്റീനയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് അവർ പരാജയപ്പെടുത്തിയിരുന്നു.മത്സരത്തിൽ റഫറിയുടെ ഭാഗത്തുനിന്ന് ചില വിവാദ തീരുമാനങ്ങൾ ഉണ്ടായിരുന്നു. അർജന്റീനക്ക് അനുകൂലമായ പെനാൽറ്റി റഫറി നൽകാത്തത് വലിയ വിവാദമായി. ലയണൽ മെസ്സി ഉൾപ്പെടെയുള്ളവർ ഗുരുതരമായ ആരോപണങ്ങളായിരുന്നു റഫറിക്കെതിരെയും സംഘാടകർക്കെതിരെയും ഉന്നയിച്ചിരുന്നത്.

ബ്രസീലിയൻ താരമായ ആർതർ അർജന്റൈൻ താരമായ നിക്കോളാസ് ഓട്ടമെന്റിയെ ബോക്സിനകത്ത് വെച്ച് ഫൗൾ ചെയ്തിരുന്നു. എന്നാൽ ആ മത്സരത്തിലെ റഫറി ആയിരുന്ന റോഡി സമ്പ്രാനോ അത് പെനാൽറ്റി നൽകിയിരുന്നില്ല.അതിനെ തുടർന്ന് വിവാദങ്ങൾ നിലനിന്നിരുന്നു. എന്നാൽ അത് പെനാൽറ്റി ആയിരുന്നു എന്നുള്ള കാര്യം റഫറി ഇപ്പോൾ തുറന്ന് സമ്മതിച്ചിട്ടുണ്ട്. താൻ അത് കണ്ടില്ലായിരുന്നുവെന്നും VAR റഫറി അത് തന്റെ ശ്രദ്ധയിൽപ്പെടുത്തിയില്ലെന്നും ഇദ്ദേഹം ആരോപിച്ചിട്ടുണ്ട്.സമ്പ്രാനോയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ അത് കണ്ടിരുന്നുവെങ്കിൽ തീർച്ചയായും അത് പെനാൽറ്റി വിധിക്കുമായിരുന്നു. അർജന്റീന ആ മത്സരത്തിൽ പരാജയപ്പെട്ടതുകൊണ്ടുതന്നെ അവർ എല്ലാവരും എന്നെ കുറ്റപ്പെടുത്തിയിരുന്നു.പക്ഷേ അവിടെ ഒരു പെനാൽറ്റി ഉണ്ടായിരുന്നു. എല്ലാവർക്കും അറിയാം അത് പെനാൽറ്റിയാണെന്ന്. എന്നാൽ ഞാൻ അത് തിരിച്ചറിഞ്ഞിരുന്നില്ല.VAR എന്നെ അക്കാര്യത്തിൽ വിളിച്ചതുമില്ല.VAR റഫറി എന്നോട് തുടരാനാണ് പറഞ്ഞത്. അങ്ങനെയാണ് ഞാൻ മത്സരം തുടർന്നത്. ഞാനത് കണ്ടിരുന്നുവെങ്കിൽ തീർച്ചയായും പെനാൽറ്റി വിളിക്കുമായിരുന്നു “ഇതാണ് മത്സരത്തിലെ റഫറി പറഞ്ഞിട്ടുള്ളത്.

ആ മത്സരത്തിൽ പരാജയപ്പെട്ടതിന് പിന്നാലെ മെസ്സി സോഷ്യൽ മീഡിയയിലൂടെ സംഘാടകർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. മാത്രമല്ല ഈ ടീമിൽ തനിക്ക് വിശ്വാസം ഉണ്ടെന്നും മെസ്സി കുറിച്ചിരുന്നു. പിന്നീട് രണ്ടു വർഷങ്ങൾക്ക് ശേഷം ബ്രസീലിനെ പരാജയപ്പെടുത്തിക്കൊണ്ട് അർജന്റീന കോപ്പ അമേരിക്ക നേടി. കൂടാതെ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ അർജന്റീന ഇന്നിപ്പോൾ വേൾഡ് ഫുട്ബോളിലെ ഒന്നാം റാങ്കുകാരാണ്.

Leave a Reply

Your email address will not be published. Required fields are marked *