അഞ്ചാം വേൾഡ് കപ്പിനൊരുങ്ങി മെസ്സി, കാത്തിരിക്കുന്ന ചില റെക്കോർഡുകൾ ഇതാ!

കഴിഞ്ഞ ദിവസത്തോടെയാണ് അർജന്റീന ഖത്തർ വേൾഡ് കപ്പിന് യോഗ്യത ഉറപ്പിച്ചത്. ഇത് തുടർച്ചയായി 13-ആം തവണയാണ് അർജന്റീന വേൾഡ് കപ്പിനെത്തുന്നത്.സൂപ്പർ താരം ലയണൽ മെസ്സി തന്റെ അഞ്ചാം വേൾഡ് കപ്പിനാണ് ഒരുങ്ങുന്നത്.2006-ലെ വേൾഡ് കപ്പ് മുതൽ മെസ്സി സ്ഥിരസാന്നിധ്യമാണ്.

ഏതായാലും ഈ വേൾഡ് കപ്പിൽ ഒരല്പം റെക്കോർഡുകൾ മെസ്സിയെ കാത്തിരിക്കുന്നുണ്ട്. അത്തരത്തിലുള്ള റെക്കോർഡുകൾ ഏതൊക്കെയാണ് എന്നുള്ളത് നമുക്കൊന്ന് പരിശോധിക്കാം

നിലവിൽ വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം ലോതർ മത്തേവൂസാണ്.25 മത്സരങ്ങളാണ് അദ്ദേഹം കളിച്ചിട്ടുള്ളത്.24 മത്സരങ്ങൾ കളിച്ച ക്ലോസെയും 23 മത്സരങ്ങൾ കളിച്ച മാൾഡീനിയും തൊട്ട് പിറകിലുണ്ട്. മെസ്സി 19 മത്സരങ്ങളാണ് വേൾഡ് കപ്പിൽ കളിച്ചിട്ടുള്ളത്. ഈ വരുന്ന വേൾഡ് കപ്പിൽ 7 മത്സരങ്ങൾ കളിച്ചാൽ മെസ്സിക്ക് ഈ റെക്കോർഡ് സ്വന്തമാക്കാം.പക്ഷേ അതിന് അർജന്റീന സെമി ഫൈനൽ വരെയെങ്കിലും എത്തേണ്ടതുണ്ട്.

ഇനി അർജന്റീനക്ക്‌ വേണ്ടി ഏറ്റവും കൂടുതൽ വേൾഡ് കപ്പ് മത്സരങ്ങൾ കളിച്ചിട്ടുള്ളത് ഇതിഹാസമായ മറഡോണയാണ്.21 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്.20 മത്സരങ്ങൾ കളിച്ച മഷെരാനോ രണ്ടാമതാണ്. 3 മത്സരങ്ങൾ കൂടി മെസ്സി കളിച്ചാൽ ഈ റെക്കോർഡ് മെസ്സിയുടെ പേരിലാവും.

ഏറ്റവും കൂടുതൽ തവണ വേൾഡ് കപ്പിൽ പങ്കെടുത്ത അർജന്റൈൻ താരമെന്ന റെക്കോർഡ് മറഡോണയുടെയും മഷെരാനോയുടെയും പേരിലാണ്.4 വേൾഡ് കപ്പുകളിലാണ് ഇരുവരും പങ്കെടുത്തിട്ടുള്ളത്. അതേസമയം മെസ്സി അടുത്ത വേൾഡ് കപ്പിൽ ഇറങ്ങുന്നതോട് കൂടി ഈ റെക്കോർഡ് മെസ്സിയുടെ പേരിലാവും. കൂടാതെ അഞ്ച് വേൾഡ് കപ്പുകൾ കളിക്കുന്ന പ്രായം കുറഞ്ഞ താരമാവാനും മെസ്സിക്ക് സാധിക്കും. മെസ്സി ഖത്തറിൽ ഇറങ്ങുമ്പോൾ മെസ്സിയുടെ വയസ്സ് 35 ആയിരിക്കും.36-ആം വയസ്സിൽ അഞ്ചാം വേൾഡ് കപ്പിനിറങ്ങിയ ബുഫണിനെയാണ് മെസ്സി മറികടക്കുക.

മറ്റൊന്ന് അർജന്റീനക്ക്‌ വേണ്ടി ഏറ്റവും കൂടുതൽ വേൾഡ് കപ്പ് ഗോളുകൾ നേടിയ താരം ഗബ്രിയേൽ ബാറ്റിസ്റ്റൂട്ടയാണ്.10 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്. മെസ്സി 6 വേൾഡ് കപ്പ് ഗോളുകൾ നേടി.5 ഗോളുകൾ കൂടി നേടിയാൽ മെസ്സിക്ക് ഈ റെക്കോർഡ് സ്വന്തം പേരിലാക്കാൻ സാധിക്കും.

ഏതായാലും ഈ റെക്കോർഡുകൾ മറികടക്കാൻ മെസ്സിക്ക് സാധിക്കുമോ എന്നുള്ളതാണ് ആരാധകർക്കറിയേണ്ടത്. പലരും മെസ്സിയുടെ അവസാന വേൾഡ് കപ്പായാണ് നോക്കി കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *