അങ്ങനെയാണെങ്കിൽ മെസ്സിയെ ഞാൻ എസയ്സയിൽ കെട്ടിയിടുമായിരുന്നു : ക്രിസ്റ്റ്യൻ റൊമേറോ

ഖത്തർ വേൾഡ് കപ്പ് തന്റെ കരിയറിലെ അവസാനത്തെ വേൾഡ് കപ്പ് ആയിരിക്കുമെന്നുള്ള കാര്യം ലയണൽ മെസ്സി നേരത്തെ തന്നെ തന്റെ ആരാധകരെ അറിയിച്ചിരുന്നു.ഫൈനൽ മത്സരത്തിനു മുന്നേയും മെസ്സി ഇക്കാര്യം ആവർത്തിച്ചിരുന്നു. അതായത് ഫ്രാൻസിനെതിരെയുള്ള ഫൈനൽ മത്സരം തന്റെ കരിയറിലെ അവസാനത്തെ വേൾഡ് കപ്പ് മത്സരമായിരിക്കും എന്നായിരുന്നു മെസ്സി പറഞ്ഞിരുന്നത്. ഫ്രാൻസിനെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം നേടാൻ മെസ്സിക്കും സംഘത്തിനും സാധിക്കുകയും ചെയ്തിരുന്നു.

ഏതായാലും അർജന്റീനയുടെ നായകനായ ലയണൽ മെസ്സിയെ കുറിച്ച് സഹതാരമായ ക്രിസ്റ്റ്യൻ റൊമേറോ ചില കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അതായത് മെസ്സിയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ തനിക്ക് അധികാരമുണ്ടായിരുന്നെങ്കിൽ അടുത്ത വേൾഡ് കപ്പ് വരെ മെസ്സിയെ അർജന്റീനയുടെ ക്യാമ്പ് ആയ എസയ്സയിൽ കെട്ടിയിടുമായിരുന്നു എന്നാണ് റൊമേറോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഒരു ഫുട്ബോൾ താരത്തിന്റെ മാക്സിമമാണ് ലയണൽ മെസ്സി. അതിനേക്കാൾ അപ്പുറം ഒന്നുമില്ല.ടീം വിടൽ അദ്ദേഹത്തിന് ആവശ്യമായി വരുന്ന സമയത്ത് അദ്ദേഹം തീരുമാനം എടുക്കുകയാണെങ്കിൽ ഞങ്ങൾ അതിനെ സപ്പോർട്ട് ചെയ്യും. പക്ഷേ ലയണൽ മെസ്സി ഇവിടെ തന്നെ തുടരണമെന്നാണ് വ്യക്തിപരമായി ഞാൻ ഏറെ ആഗ്രഹിക്കുന്നത്. അടുത്ത വേൾഡ് കപ്പ് വരെയെങ്കിലും അദ്ദേഹം ഇവിടെ വേണം. ആ കാര്യത്തിൽ എനിക്ക് തീരുമാനമെടുക്കാൻ അധികാരം ഉണ്ടായിരുന്നുവെങ്കിൽ ഞാൻ മെസ്സിയെ അടുത്ത വേൾഡ് കപ്പ് വരെ എസയ്സയിൽ കെട്ടിയിട്ടേനെ.അദ്ദേഹം ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട താരമാണ്. ഞങ്ങളുടെ നായകനാണ്. ഓരോ പുതിയ കാര്യങ്ങളും പഠിപ്പിച്ച് നൽകുകയും മാർഗ്ഗനിർദ്ദേശങ്ങൾ തരികയും ചെയ്യുന്ന നായകനാണ് മെസ്സി. അദ്ദേഹം ഇല്ലെങ്കിൽ കാര്യങ്ങൾ തീർത്തും വ്യത്യസ്തമായിരിക്കും” ഇതാണ് അർജന്റീനയുടെ ഡിഫൻഡർ ആയ റൊമേറോ പറഞ്ഞിട്ടുള്ളത്.

അതായത് ലയണൽ മെസ്സി അർജന്റീനയിൽ തന്നെ തുടരണമെന്നുള്ള ആഗ്രഹമാണ് റൊമേറോ പങ്കുവെച്ചിട്ടുള്ളത്. അടുത്ത വർഷം നടക്കുന്ന കോപ്പ അമേരിക്കയിൽ മെസ്സി ഉണ്ടാവുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *