സ്വന്തം ആരാധകരുമായി അടിയായി,റൊമേറോക്ക് ക്ലബ്ബിന്റെ വക സസ്പെൻഷൻ, പിന്നാലെ മാപ്പ്!
കഴിഞ്ഞ ദിവസം അർജന്റൈൻ ലീഗിൽ സൂപ്പർ ക്ലാസിക്കോ പോരാട്ടമായിരുന്നു അരങ്ങേറിയിരുന്നത്.ചിരവൈരികളായ ബൊക്ക ജൂനിയേഴ്സും റിവർ പ്ലേറ്റും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. മത്സരത്തിൽ ബൊക്ക ജൂനിയേഴ്സിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിക്കാൻ റിവർ പ്ലേറ്റിന് കഴിഞ്ഞിരുന്നു.മാനുവൽ ലാൻസിനി നേടിയ ഗോളാണ് അവർക്ക് വിജയം സമ്മാനിച്ചത്.
എന്നാൽ മത്സരശേഷം ഒരു വിവാദ സംഭവം നടന്നിരുന്നു.ബൊക്കയുടെ അർജന്റൈൻ ഗോൾകീപ്പറായ സെർജിയോ റൊമേറോ ഡ്രസ്സിംഗ് റൂമിലേക്ക് നടക്കുന്നതിനിടയിൽ ബൊക്ക ആരാധകർ തന്നെ അദ്ദേഹത്തെ അധിക്ഷേപിച്ചിരുന്നു. ഇത് റൊമേറോക്ക് ഇഷ്ടപ്പെട്ടിരുന്നില്ല.അദ്ദേഹം ആരാധകരുടെ ഇടയിലേക്ക് കയറി ചെല്ലുകയായിരുന്നു. അങ്ങനെ സ്വന്തം ആരാധകരുമായി വലിയ വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. കയ്യാങ്കളിയുടെ തൊട്ടരികിൽ എത്തിയെങ്കിലും ക്ലബ്ബ് അധികൃതർ അദ്ദേഹത്തെ പിടിച്ചു മാറ്റുകയായിരുന്നു.
സ്വന്തം ആരാധകരുമായി പ്രശ്നങ്ങൾ ഉണ്ടാക്കി എന്നത് ബൊക്ക ജൂനിയേഴ്സ് എന്ന ക്ലബ്ബിന് വലിയ നാണക്കേട് സൃഷ്ടിച്ചിട്ടുണ്ട്.ഈ ഗോൾകീപ്പർ ഒരിക്കലും നിയന്ത്രണം വിട്ടു പെരുമാറാൻ പാടില്ലായിരുന്നു എന്നാണ് ക്ലബ്ബിന്റെ നിലപാട്.അതുകൊണ്ടുതന്നെ ക്ലബ്ബ് ഈ താരത്തിന് സസ്പെൻഷൻ വിധിച്ചിട്ടുണ്ട്. അടുത്ത രണ്ട് മത്സരങ്ങളിലും ക്ലബ്ബിനോടൊപ്പം പങ്കെടുക്കാൻ റൊമേറോക്ക് അനുമതിയില്ല.അതിനുശേഷം മാത്രമാണ് ഈ ഗോൾ കീപ്പർ തിരിച്ചെത്തുക.
ബൊക്ക ജൂനിയേഴ്സിന്റെ അധികൃതരുമായി സംസാരിച്ചതിനു ശേഷം റൊമേറോ ഇക്കാര്യത്തിൽ മാപ്പ് പറഞ്ഞിട്ടുണ്ട്. താൻ നിയന്ത്രണം വിട്ടു പെരുമാറാൻ പാടില്ലായിരുന്നുവെന്നും തന്റെ ഭാഗത്ത് മിസ്റ്റേക്ക് സംഭവിച്ചു എന്നും അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. കൂടാതെ ക്ലബ്ബിനോടും പ്രസിഡണ്ടിനോടും ആരാധകരോടും അദ്ദേഹം മാപ്പ് പറയുകയും ചെയ്തിട്ടുണ്ട്. ഇനി അടുത്ത രണ്ട് മത്സരങ്ങളിലും ഈ ഗോൾകീപ്പർ ഉണ്ടാവില്ല. നിലവിൽ അർജന്റൈൻ ലീഗിൽ മോശം പ്രകടനമാണ് ബൊക്ക നടത്തിക്കൊണ്ടിരിക്കുന്നത്. 15 മത്സരങ്ങളിൽ നിന്ന് കേവലം 21 പോയിന്റ് ഉള്ള അവർ പതിനൊന്നാം സ്ഥാനത്താണ് തുടരുന്നത്