സിദാനെ ഒന്ന് കാണണം, സംസാരിക്കണം: മറ്റരാസി പറയുന്നു
2006 വേൾഡ് കപ്പ് ഫൈനലിൽ ഇറ്റലിയും ഫ്രാൻസും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.അന്ന് ഫ്രാൻസിനെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം നേടാൻ ഇറ്റലിക്ക് കഴിഞ്ഞിരുന്നു. ഫ്രഞ്ച് സൂപ്പർ താരം സിനദിൻ സിദാൻ റെഡ് കാർഡ് കണ്ട് പുറത്തു പോയത് ഫ്രാൻസിന് തിരിച്ചടിയാവുകയായിരുന്നു.മറ്റരാസിയെ തലകൊണ്ട് ഇടിച്ചു വീഴ്ത്തിയതിനാണ് സിദാന് റെഡ് കാർഡ് ലഭിച്ചത്.സിദാനെ വളരെ മോശമായ രീതിയിലാണ് അന്ന് മറ്റരാസി പ്രകോപിപ്പിച്ചത് എന്നാണ് പിന്നീട് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്.
ഏതായാലും ഈ വിഷയത്തിൽ മാർക്കോ മറ്റരാസി ഒരിക്കൽ കൂടി പ്രതികരിച്ചിട്ടുണ്ട്. അതായത് ആ സംഭവത്തിനുശേഷം താനും സിദാനും തമ്മിൽ യാതൊരുവിധ ബന്ധവുമില്ല എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.സിദാനെ കണ്ടുമുട്ടാനും സംസാരിക്കാനും താൻ ആഗ്രഹിക്കുന്നുണ്ടെന്നും മറ്റരാസി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ RMC സ്പോർട് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
“ഞാൻ ഇനി ക്ഷമ പറയാനൊന്നും ശ്രമിക്കില്ല.പക്ഷേ ആ സംഭവം നടന്നിട്ട് ഇപ്പോൾ ഒരുപാട് വർഷം കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ കാണാനും സംസാരിക്കാനും കഴിഞ്ഞാൽ അത് സന്തോഷം ഉള്ള കാര്യമായിരിക്കും.തീർച്ചയായും അവിടെ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല.അതിനുശേഷം ഞാൻ ഇതുവരെ അദ്ദേഹവുമായി സംസാരിച്ചിട്ടില്ല. മാത്രമല്ല ഞങ്ങൾ തമ്മിൽ ഇപ്പോൾ യാതൊരുവിധ ബന്ധവുമില്ല ” ഇതാണ് മാർക്കോ മറ്റരാസി പറഞ്ഞിട്ടുള്ളത്.
ആ വേൾഡ് കപ്പിന് ശേഷം സിദാൻ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു. പിന്നീട് പരിശീലകൻ എന്ന നിലയിലും അദ്ദേഹത്തിന് തിളങ്ങാൻ കഴിഞ്ഞു.റയൽ മാഡ്രിഡിന് ഹാട്രിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുക്കാൻ ഇദ്ദേഹത്തിന് സാധിച്ചിരുന്നു.നിലവിൽ അദ്ദേഹം ഫ്രീ ഏജന്റായി കൊണ്ട് ഫുട്ബോൾ ലോകത്ത് തുടരുകയാണ്.