വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ ടിറ്റെ ഇന്ന് പ്രഖ്യാപിക്കും !

അടുത്ത വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ പരിശീലകൻ ടിറ്റെ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഇന്ത്യൻ സമയം 7:30 നാണ് ടിറ്റെ ടീമിനെ പ്രഖ്യാപിക്കുക. അടുത്ത മാസമാണ് വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്ക് വേണ്ടി ബ്രസീൽ ടീം വീണ്ടും കളത്തിലേക്കിറങ്ങുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലേക്ക് ടിറ്റെ തിരഞ്ഞെടുത്തിരുന്ന സ്‌ക്വാഡിൽ നിന്നും വലിയ മാറ്റമുണ്ടാവില്ല എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. പരിക്ക് മൂലം പുറത്തിരിക്കുന്ന സൂപ്പർ താരങ്ങളായ ആലിസൺ ബക്കർ, ഗബ്രിയേൽ ജീസസ് എന്നിവർക്ക് സ്ഥാനം ലഭിക്കാൻ സാധ്യതകൾ കുറവാണ്. പകരം കുൻഹ, എഡേഴ്‌സൺ എന്നിവർ തന്നെയായിരിക്കും ടീമിൽ ഇടം നേടുക.നവംബറിൽ രണ്ട് മത്സരങ്ങളാണ് ബ്രസീൽ കളിക്കുക.

നവംബർ പതിമൂന്നാം തിയ്യതി വെള്ളിയാഴ്ച്ച പുലർച്ചെ 2:30-നാണ് ബ്രസീൽ വെനിസ്വേലയെ നേരിടുക. പിന്നീട് ഒരല്പം ശക്തരായ എതിരാളികളെയാണ് ബ്രസീലിന് നേരിടാനുള്ളത്. നവംബർ പതിനെട്ടാം തിയ്യതി ബുധനാഴ്ച്ച പുലർച്ചെ 2:30-ന് ഉറുഗ്വയെയാണ് ബ്രസീൽ നേരിടുന്നത്. നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ബ്രസീൽ ഉള്ളത്. ചിരവൈരികളായ അർജന്റീന രണ്ടാമതുമുണ്ട്. ഈ മാസം നടന്ന രണ്ട് മത്സരത്തിലും ഉജ്ജ്വലവിജയം നേടാൻ ബ്രസീലിന് സാധിച്ചിരുന്നു. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കായിരുന്നു ബ്രസീൽ ബൊളീവിയയെ തോൽപ്പിച്ചത്. പിന്നീട് പെറുവിനെ 4-2 എന്ന സ്കോറിനും ബ്രസീൽ തകർത്തു വിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *