റൊണാൾഡോ ചുമന്ന ഭാരം എന്തെന്ന് ഞാൻ മനസ്സിലാക്കുന്നു: തുറന്ന് പറഞ്ഞ് റിച്ചാർലീസൺ

ബ്രസീലിയൻ സൂപ്പർ താരമായ റിച്ചാർലീസണ് ഈ സീസണിൽ കഠിനമായ ഒരു തുടക്കമാണ് ലഭിച്ചിട്ടുള്ളത്.ടോട്ടൻഹാമിലും ബ്രസീലിന്റെ നാഷണൽ ടീമിലും ഗോളടിക്കാൻ വളരെയധികം ബുദ്ധിമുട്ടുന്ന ഒരു താരത്തെയാണ് നമുക്കിപ്പോൾ കാണാൻ കഴിയുക. മാനസികമായി ഒരുപാട് പ്രശ്നങ്ങൾ താൻ അനുഭവിക്കുന്നുണ്ടെന്ന് ഇതേ കുറിച്ച് റിച്ചാർലീസൺ പറഞ്ഞിരുന്നു. ഈ മോശം പ്രകടനത്തെ തുടർന്ന് വലിയ വിമർശനങ്ങളായിരുന്നു താരത്തിന് കേൾക്കേണ്ടിവന്നിരുന്നത്.

ഏതായാലും കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് ചില കാര്യങ്ങൾ റിച്ചാർലീസൺ സംസാരിച്ചിട്ടുണ്ട്. ബ്രസീലിന്റെ ഒമ്പതാം നമ്പർ ജേഴ്സി അണിയുമ്പോൾ ഉണ്ടാകുന്ന പ്രഷറിനെ കുറിച്ചാണ് റിച്ചാർലീസൺ സംസാരിച്ചിട്ടുള്ളത്. ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ ചുമന്ന ഭാരം എന്താണ് എന്നത് തനിക്ക് ഇപ്പോൾ മനസ്സിലാകുന്നു എന്നാണ് റിച്ചാർലീസൺ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗ്ലോബോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ബ്രസീലിന്റെ ഒമ്പതാം നമ്പർ ജേഴ്സി അണിയാൻ സാധിക്കുന്നതിൽ ഞാൻ വളരെയധികം അഭിമാനിക്കുന്നു. പക്ഷേ റൊണാൾഡോ ചുമന്ന ഭാരം എന്തെന്ന് ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു, ഈ ജേഴ്സി ധരിച്ചിരുന്ന മറ്റു മഹത്തായ താരങ്ങൾ ചുമന്ന ഭാരം എന്തെന്ന് ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു. ഈ ജേഴ്സി ധരിക്കുമ്പോൾ പ്രതീക്ഷകൾ വളരെ വലുതാണ്,എപ്പോഴും ഗോളുകൾ നേടുമെന്നാണ് ആ പ്രതീക്ഷകൾ.ഓരോ മത്സരത്തിലും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കണം,ഗോളുകൾ നേടാൻ ശ്രമിച്ചുകൊണ്ടേയിരിക്കണം, അതാണ് ഈ ജേഴ്സി ആവശ്യപ്പെടുന്നത് ” റിച്ചാർലീസൺ പറഞ്ഞു.

അടുത്ത വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിന്റെ എതിരാളികൾ വെനിസ്വേലയാണ്.വരുന്ന വെള്ളിയാഴ്ച രാവിലെ ആറുമണിക്കാണ് ഈ മത്സരം നടക്കുക. മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ റിച്ചാർലീസണെ തന്നെയായിരിക്കും പരിശീലകനായ ഡിനിസ് ഉപയോഗപ്പെടുത്തുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!