മെസ്സിയോ ക്രിസ്റ്റ്യാനോയോ? മികച്ചത് ആരെന്ന ചോദ്യത്തിന് മറുപടിയുമായി ഇരുവരുടെയും സഹതാരമായ ട്രിൻക്കാവോ !

മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒപ്പം കളിച്ച താരങ്ങൾക്ക്‌ സ്വാഭാവികമായും നേരിടേണ്ടി വരുന്ന ഒരു ചോദ്യമുണ്ട്. ഇരുവരിൽ ആരാണ് മികച്ചതെന്ന്? സ്വാഭാവികമായും ഇതിൽ ഒരുത്തരം പറയുക എന്നുള്ളത് ആ താരത്തെ സംബന്ധിച്ചെടുത്തോളം ബുദ്ധിമുട്ട് ആയിരിക്കും. ഇതേ ചോദ്യം തന്നെയാണ് ഇന്നലെ പോർച്ചുഗൽ താരം ട്രിൻക്കാവോക്ക്‌ നേരിടേണ്ടി വന്നത്. ഇന്നലത്തെ സ്പെയിൻ vs പോർച്ചുഗൽ മത്സരത്തിന് ശേഷം നടന്ന പ്രെസ്സ് കോൺഫറൻസിലാണ് താരത്തിന് ഈ ചോദ്യത്തെ അഭിമുഖീകരിക്കേണ്ടി വന്നത്. നിലവിൽ ബാഴ്‌സയുടെ താരമാണ് ട്രിൻക്കാവോ. ബാഴ്‌സയിൽ മെസ്സിക്കൊപ്പവും പോർച്ചുഗലിൽ റൊണാൾഡോക്കൊപ്പവും കളിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. എന്നാൽ ഇവരിൽ ആരാണ് മികച്ചത് എന്ന് പറയൽ അസാധ്യമാണ് എന്നാണ് ട്രിൻക്കാവോയുടെ അഭിപ്രായം.

അദ്ദേഹം സ്പെയിനിനെതിരെയുള്ള മത്സരശേഷം പറഞ്ഞത് ഇങ്ങനെയാണ്. ” മെസ്സിക്കും റൊണാൾഡോക്കുമൊപ്പം കളിക്കാൻ സാധിച്ചതിൽ ഞാൻ വളരെയധികം അഭിമാനിക്കുന്നു. ആരാണ് മികച്ചത് എന്ന് പറയൽ അസാധ്യമായ കാര്യമാണ്. സ്പെയിനിനെതിരെയുള്ള മത്സരം വളരെ ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു. എന്തെന്നാൽ അവർ വളരെ ഓർഗനൈസ്ഡ് ആയ ടീമായിരുന്നു. പക്ഷെ കരുത്തരായ ഒരു ടീമിനെതിരെയുള്ള ഈ മത്സരം മികച്ച ഒരു തുടക്കമാണ്. ഞാൻ എന്റെ ജോലി ചെയ്യും. ഞാൻ കളത്തിലിറങ്ങാൻ തയ്യാറായിട്ടുണ്ട്. എന്റെ സഹതാരങ്ങളെ പോലെ തന്നെയാണ് ഞാനും. പക്ഷെ തീരുമാനമെടുക്കേണ്ടത് പരിശീലകനാണ് ” ട്രിൻക്കാവോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *