ബ്രൂണോ ഗിമിറസ് അരങ്ങേറിയേക്കും, ബ്രസീലിന്റെ സാധ്യത ലൈനപ്പ് ഇങ്ങനെ !

ഇന്നലെ ഉച്ചക്ക് ശേഷമായിരുന്നു എല്ലാ താരങ്ങളെയും ഒരുമിച്ച് പരിശീലനത്തിനിറക്കാൻ ബ്രസീൽ പരിശീലകൻ ടിറ്റെക്ക്‌ സാധിച്ചത്. പരിക്കേറ്റ മുന്നേറ്റനിര താരം റിച്ചാർലീസൺ ഒഴികെയുള്ള മറ്റെല്ലാ താരങ്ങളും ഇന്നലെ പരിശീലനത്തിൽ പങ്കെടുത്തു. സ്ക്വാഡിനെ ഇരുടീമുകളായി വേർതിരിച്ച ടിറ്റെ ടാക്റ്റിക്സിന് തന്നെയാണ് പരിഗണന നൽകിയത്. പരിശീലനത്തിന് ശേഷം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ടീമിൽ ചില മാറ്റങ്ങൾ വരുത്താൻ ടിറ്റെ ആലോചിക്കുന്നുണ്ട് എന്നാണ് ഗ്ലോബെ എസ്‌പോർട്ടെ പറയുന്നത്. മധ്യനിര താരമായ ബ്രൂണോ ഗിമിറസിന് അരങ്ങേറാൻ അവസരം ലഭിച്ചേക്കും എന്നാണ് ഒടുവിലെ റിപ്പോർട്ടുകൾ. ഈ വരുന്ന ശനിയാഴ്ച ബൊളീവിയക്കെതിരെയും ബുധനാഴ്ച്ച പെറുവിനെതിരെയുമാണ് ബ്രസീൽ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ കളിക്കുന്നത്. സൂപ്പർ താരങ്ങളായ ആലിസൺ ബക്കർ, ഗബ്രിയേൽ ജീസസ് എന്നിവരെ പരിക്ക് മൂലം ടിറ്റെക്ക്‌ നഷ്ടമായിട്ടുണ്ട്. അതേസമയം റിച്ചാർലീസണിന്റെ കാര്യവും സംശയത്തിലാണ്.

ബ്രസീലിന്റെ ഗോൾകീപ്പർ ആരാവുമെന്ന് ഇതുവരെ ടിറ്റെ തീരുമാനിച്ചിട്ടില്ല. എഡേഴ്‌സൺ, വെവേർടൺ, സാന്റോസ് എന്നിവരാണ് നിലവിൽ ടീമിൽ ഉള്ളത്. ഇതിൽ എഡേഴ്‌സൺ തന്നെയായിരിക്കും ഗോൾവലകാക്കുക. റൈറ്റ് ബാക്ക് പൊസിഷനിലേക്ക് ഡാനിലോയെയാണ് ടിറ്റെ പരിഗണിക്കുന്നത്. മറുഭാഗത്ത് ലെഫ്റ്റ് ബാക്ക് പൊസിഷനിൽ റെനാൻ ലോദി ഇടം നേടുമെന്നാണ് ഗ്ലോബെ പറയുന്നത്. ഇനി സെന്റർ ബാക്കുമാരായി തിയാഗോ സിൽവ, മാർക്കിഞ്ഞോസ് സഖ്യം തന്നെയായിരിക്കും. സമീപകാലത്ത് മാർക്കിഞ്ഞോസ് പിഎസ്ജിയിൽ മിഡ്‌ഫീൽഡിൽ കളിച്ചിരുന്നുവെങ്കിലും ബ്രസീലിൽ സെന്റർ ബാക്ക് തന്നെയായിരിക്കും. മധ്യനിരയിൽ കാസമിറോ, ബ്രൂണോ ഗിമിറസ് എന്നിവർ അണിനിരക്കും. പിന്നീട് മുന്നേറ്റനിരയിലേക്ക് പരിഗണിക്കുന്നത് ഫിലിപ്പെ കൂട്ടീഞ്ഞോ, എവെർടൺ സെബോളിഞ്ഞ, നെയ്മർ, ഫിർമിഞ്ഞോ എന്നിവരായിരിക്കും. ഇവരെ ഏത് പൊസിഷനിൽ കളിപ്പിക്കും എന്നുള്ളത് തീരുമാനിച്ചിട്ടില്ല. സെന്ററിൽ ഫിർമിഞ്ഞോയും നെയ്മർ ഇടതുഭാഗത്തും ആയിരിക്കുമെന്നാണ് ഗ്ലോബെ പറയുന്നത്.

ബ്രസീൽ ഇലവൻ : Ederson, Danilo, Marquinhos, Thiago Silva and Renan Lodi; Casemiro and Bruno Guimarães; Everton Cebolinha, Philippe Coutinho and Neymar; Roberto Firmino

Leave a Reply

Your email address will not be published. Required fields are marked *