നേഷൻസ് ലീഗ്, സെമി ഫൈനലിന് ടീമുകളായി, കാത്തിരിക്കേണ്ടി വരിക ദീർഘകാലം !

യുവേഫ നേഷൻസ് ലീഗിന്റെ സെമി ഫൈനലിനുള്ള ടീമുകൾ ഇന്നലത്തെ മത്സരത്തോട് കൂടി ഉറപ്പായി. നാലു ഗ്രൂപ്പുകളിലെയും ഒന്നാം സ്ഥാനക്കാരാണ് സെമി ഫൈനലിന് നേടിയിട്ടുള്ളത്. ഗ്രൂപ്പ്‌ ഒന്നിൽ നിന്ന് ഇറ്റലിയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുള്ളത്. പന്ത്രണ്ട് പോയിന്റാണ് ഇറ്റലിയുടെ സമ്പാദ്യം. പതിനൊന്ന് പോയിന്റുണ്ടായിരുന്ന ഹോളണ്ട് സെമി കാണാതെ പുറത്തായി. ഗ്രൂപ്പ്‌ രണ്ടിൽ നിന്ന് ബെൽജിയമാണ് സെമിയിലേക്ക് യോഗ്യത നേടിയത്. പതിനഞ്ച് പോയിന്റായിരുന്നു ബെൽജിയത്തിന്റെ സമ്പാദ്യം. പത്ത് പോയിന്റ് മാത്രമുള്ള ഇംഗ്ലണ്ട് ആണ് ഈ ഗ്രൂപ്പിൽ നിന്നും പുറത്തായ പ്രമുഖടീം. ഗ്രൂപ്പ്‌ മൂന്നിൽ നിന്ന് ഫ്രാൻസ് ആണ് സെമിയിലേക്ക് യോഗ്യത നേടിയത്. എന്നാൽ പതിമൂന്ന് പോയിന്റുമായി രണ്ടാമത് എത്തിയ പോർച്ചുഗല്ലിന് സെമി കാണാനായില്ല. നിലവിലെ ചാമ്പ്യൻമാരാണ് പോർച്ചുഗൽ.

ഗ്രൂപ്പ്‌ നാലിൽ നിന്നും സ്പെയിൻ ആണ് സെമിയിലേക്ക് യോഗ്യത നേടിയത്. പതിനൊന്ന് പോയിന്റ് ആണ് സ്പെയിനിന്റെ സമ്പാദ്യം. ഒമ്പത് പോയിന്റുള്ള ജർമ്മനിയാണ് ഈ ഗ്രൂപ്പിൽ നിന്നും പുറത്തായ പ്രമുഖർ. ഫ്രാൻസ്, സ്പെയിൻ, ബെൽജിയം, ഇറ്റലി എന്നിവരിൽ പരസ്പരം ആരൊക്കെ കൊമ്പുകോർക്കും എന്നുള്ളത് ഈ ഡിസംബർ മൂന്നിന് നടക്കുന്ന ഡ്രോയിലൂടെയാണ് തീരുമാനിക്കുക. അടുത്ത വർഷം, അതായത് 2021 ഒക്ടോബറിലാണ് സെമി-ഫൈനൽ മത്സരങ്ങൾ നടക്കുക. ഒക്ടോബർ 6, 7 തിയ്യതികളിലാണ് സെമി ഫൈനൽ നടക്കുക. ഒക്ടോബർ പത്താം തിയ്യതി ഫൈനലും ലൂസേഴ്സ് ഫൈനലും നടക്കും. മാർച്ചിൽ നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളും ജൂൺ, ജൂലൈ മാസങ്ങളിൽ നടക്കുന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പും മൂലമാണ് നേഷൻസ് ലീഗിന്റെ സെമി, ഫൈനൽ മത്സരങ്ങൾ ഇത്രയധികം വൈകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *