തങ്കത്തിളക്കമുള്ള വർഷം,മെസ്സിയുടെ സ്വന്തം 2022!

ലയണൽ മെസ്സിയുടെ കരിയറിലെ ഏറ്റവും മികച്ച വർഷം ഏതാണെന്ന് ചോദിച്ചാൽ ഇനി ഉത്തരം 2022 എന്നായിരിക്കും.മറ്റൊന്നുമല്ല,മെസ്സി ഏറ്റവും കൂടുതൽ സ്വപ്നം കണ്ടിരുന്ന വേൾഡ് കപ്പ് കിരീടം നേടാൻ അദ്ദേഹത്തിന് ഈ വർഷമാണ് സാധിച്ചിട്ടുള്ളത്.2022 എന്ന കലണ്ടർ വർഷത്തിൽ ലയണൽ മെസ്സി മാസ്മരിക പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്.

ഈ വർഷം പിഎസ്ജിക്കൊപ്പം മെസ്സി ആകെ 28 മത്സരങ്ങളാണ് ലീഗ് വണ്ണിൽ കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 12 ഗോളുകളും 20 അസിസ്റ്റുകളും നേടാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.ഈ വർഷത്തിന്റെ മധ്യത്തിൽ ലീഗ് വൺ കിരീടവും ചാമ്പ്യൻസ് ട്രോഫിയും അദ്ദേഹം ക്ലബ്ബിനൊപ്പം കരസ്ഥമാക്കി. പക്ഷേ ചാമ്പ്യൻസ് ലീഗിൽ റയലിനോട് പരാജയപ്പെട്ടു കൊണ്ട് പുറത്താവുകയായിരുന്നു. എന്നാൽ ഈ സീസണിൽ ബയേണിനെ നേരിടാനുള്ള ഒരുക്കത്തിലാണ് മെസ്സിയും ക്ലബ്ബുമുള്ളത്. ഈ സീസണിലെ ചാമ്പ്യൻസ് ലീഗിൽ നാല് ഗോളുകളും 4 അസിസ്റ്റുകളും മെസ്സി കരസ്ഥമാക്കിയിട്ടുണ്ട്.

ഇനി ഈ വർഷം മെസ്സി അർജന്റീനക്ക് വേണ്ടി നടത്തിയ പ്രകടനങ്ങൾ ഒന്ന് പരിശോധിക്കാം.ആകെ 14 മത്സരങ്ങളാണ് ഈ വർഷം അർജന്റീനക്ക് വേണ്ടി മെസ്സി കളിച്ചിട്ടുള്ളത്.അതിൽ നിന്ന് 18 ഗോളുകളും ആറ് അസിസ്റ്റുകളും മെസ്സി കരസ്ഥമാക്കിയിട്ടുണ്ട്. 10 മത്സരങ്ങളിൽ വിജയിച്ചപ്പോൾ മൂന്നു മത്സരങ്ങൾ സമനിലയിൽ കലാശിക്കുകയും ഒരു മത്സരത്തിൽ പരാജയപ്പെടുകയും ചെയ്തു.ഖത്തർ വേൾഡ് കപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരം മെസ്സി കരസ്ഥമാക്കി. വേൾഡ് കപ്പിൽ ആകെ കളിച്ച് ഏഴു മത്സരങ്ങളിലെ അഞ്ചു മത്സരങ്ങളിലെയും മാൻ ഓഫ് ദി മാച്ച് പുരസ്കാരവും മെസ്സി തന്നെയാണ് കരസ്ഥമാക്കിയിട്ടുള്ളത്.അർജന്റീന ദേശീയ ടീമിനൊപ്പം മെസ്സിയുടെ ഒരു സുവർണ്ണ വർഷമാണ് ഇപ്പോൾ കടന്നു പോകുന്നത്.

ഏതായാലും 2023ലേക്ക് കടക്കുമ്പോൾ വലിയ പ്രതീക്ഷകൾ ആരാധകർക്കുണ്ട്.പിഎസ്ജിക്ക് ഒരു ചാമ്പ്യൻസ് ലീഗ് കിരീടം നേടി കൊടുക്കാൻ കഴിഞ്ഞാൽ അത് വലിയ ഒരു നേട്ടം തന്നെയായിരിക്കും. മാത്രമല്ല 2023 ലെ ബാലൺഡി’ഓർ പുരസ്കാരവും മെസ്സി തന്നെ കരസ്ഥമാക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *