ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നൂറാം ഗോൾ തടഞ്ഞത് തേനീച്ച?

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇന്നലെ നടന്ന യുവേഫ നേഷൻസ് ലീഗ് മത്സരത്തിൽ കളിക്കാൻ സാധിച്ചിരുന്നില്ല. താരത്തിന്റെ കാലിനേറ്റ ഇൻഫെക്ഷൻ മൂലമായിരുന്നു താരത്തിന് ക്രോയേഷ്യക്കെതിരെയുള്ള മത്സരം നഷ്ടമായത്. എന്നിരുന്നാലും താരത്തിന്റെ അഭാവത്തിൽ ഇറങ്ങിയ പോർച്ചുഗൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് കെട്ടുകെട്ടിച്ചു വിട്ടത്. പക്ഷെ താരത്തിന്റെ ആരാധകരെ സംബന്ധിച്ചെടുത്തോളം താരത്തിന്റെ മത്സരം മുടങ്ങിയത് വളരെ വലിയ തോതിലുള്ള നിരാശയായിരുന്നു സമ്മാനിച്ചത്. അന്താരാഷ്ട്ര ജേഴ്സിയിൽ നൂറ് ഗോളുകൾ എന്ന നാഴികകല്ല് താരം പിന്നിടുന്നത് കാണാനുള്ള കാത്തിരിപ്പാണ് ഇപ്പോൾ നീണ്ടത്. എന്നാലിപ്പോൾ താരത്തിന്റെ നൂറാം ഗോളിന് വഴിമുടക്കിയായി നിലകൊണ്ടത് തേനീച്ചയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാന്റോസ് ആണ് താരത്തിന് തേനീച്ചയുടെ കുത്തേറ്റതാണ് കാലിൽ ഇൻഫെക്ഷൻ വരാൻ കാരണമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. താരത്തിന്റെ വലതുകാലിന്റെ വിരലിലാണ് ഇൻഫെക്ഷൻ വന്നിരിക്കുന്നത്. ഇത് തേനീച്ച കുത്തിയതിന്റെ ഫലമായാണ് വന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പരിശീലകൻ. അതേ സമയം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഏഴാം നമ്പർ ജേഴ്‌സി അണിഞ്ഞ് സെർജിയോ ഒലിവേര ഇന്നലെ കളത്തിലിറങ്ങി.

” അദ്ദേഹം നൂറ് ശതമാനം സജ്ജനാണ് എന്ന് എനിക്ക് ഒരുറപ്പുമില്ലായിരുന്നു. ഇതിനാലാണ് അദ്ദേഹത്തെ പുറത്തിരുത്തിയത്. നല്ല രീതിയിലാണ് അദ്ദേഹം പരിശീലനം നടത്തിയത്. പക്ഷെ ബുധനാഴ്ച പെട്ടന്ന് അദ്ദേഹത്തിന്റെ കാൽവിരൽ ചുവക്കുകയായിരുന്നു. അത്‌ തേനീച്ചയുടെ കുത്തേറ്റത്തിനാലാവാം. ഇപ്പോൾ ഞങ്ങൾ കാത്തിരിക്കുകയാണ്. ഒരു ഇൻഫെക്ഷൻ കാരണമാണിത്. അദ്ദേഹം എപ്പോൾ സുഖം പ്രാപിച്ച് കളത്തിലിറങ്ങും എന്ന് ഇപ്പോൾ പറയാൻ സാധിക്കില്ല ” പോർച്ചുഗൽ പരിശീലകൻ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ നവംബർ പതിനേഴിന് ആയിരുന്നു റൊണാൾഡോ തന്റെ 99-ആം ഗോൾ നേടിയത്. യുറോ 2020 യോഗ്യത മത്സരങ്ങളിൽ ലക്‌സംബർഗിനെതിരെ 2-0 വിജയിച്ച മത്സരത്തിൽ ആയിരുന്നു അത്‌. തുടർന്ന് കോവിഡ് മൂലം പത്ത് മാസത്തോളം മത്സരങ്ങൾ നടത്താൻ സാധിച്ചില്ല. തുടർന്ന് മത്സരം വന്നപ്പോൾ താരത്തിന് ഇൻഫെക്ഷൻ പിടിപെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *