ക്രിസ്റ്റ്യാനോ പോർച്ചുഗല്ലിന്റെ പരിശീലകനാവും: മുൻ സഹതാരം!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തകർപ്പൻ പ്രകടനമാണ് ഈ സീസണിൽ പുറത്തെടുക്കുന്നത്. 39 കാരനായ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിന് വേണ്ടി ഈ സീസണിൽ 50 ഗോളുകൾ പൂർത്തിയാക്കിയിരുന്നു. മാത്രമല്ല കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അയർലാൻഡിനെതിരെ ഇരട്ട ഗോളുകൾ ക്രിസ്റ്റ്യാനോ നേടുകയും ചെയ്തിരുന്നു.വരുന്ന യൂറോ കപ്പിലും അദ്ദേഹത്തിന് തിളങ്ങാൻ പ്രതീക്ഷയിലാണ് ആരാധകർ ഉള്ളത്.

റൊണാൾഡോ തന്റെ കരിയറിൽ കളിക്കുന്ന അവസാനത്തെ യൂറോ കപ്പ് ആയിരിക്കും ഇത്.പ്ലയിങ് കരിയർ അവസാനിപ്പിച്ചതിനുശേഷവും ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിനോടൊപ്പം ഉണ്ടായിരിക്കാനുള്ള സാധ്യത താൻ കാണുന്നുണ്ട് എന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹത്തിന്റെ മുൻ യുണൈറ്റഡ് സഹതാരമായിരുന്ന ജോൺ ഒ ഷീ. റൊണാൾഡോ പോർച്ചുഗലിന്റെ പരിശീലകനാവാൻ സാധ്യതയുണ്ടെന്നും അങ്ങനെ സംഭവിച്ചാൽ അത് പോസിറ്റീവായിരിക്കുമെന്നും ജോൺ കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” വളരെയധികം ഡെഡിക്കേഷനും പ്രൊഫഷണലിസവും ഉള്ള താരമാണ് റൊണാൾഡോ. അതുകൊണ്ടുതന്നെ പ്ലയിങ് കരിയർ അവസാനിപ്പിച്ചാലും അദ്ദേഹം ദേശീയ ടീമിനോടൊപ്പം ഉണ്ടാകും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. തീർച്ചയായും പോർച്ചുഗലിന്റെ പരിശീലകനാവാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടാവും. അത്തരം പ്രഷറുകൾ ഏറ്റെടുക്കാൻ അദ്ദേഹത്തിന് യാതൊരുവിധ മടിയും ഉണ്ടാവില്ല.കാരണം കരിയറിൽ ഉടനീളം അത്തരം പ്രഷറുകൾ അദ്ദേഹം തരണം ചെയ്തിട്ടുണ്ട്. അദ്ദേഹം പരിശീലകനായി എത്തുകയാണെങ്കിൽ അത് പോർച്ചുഗലിനെ പോസിറ്റീവായ ഒരു കാര്യമായിരിക്കും ” ഇതാണ് റൊണാൾഡോയുടെ സഹതാരം പറഞ്ഞിട്ടുള്ളത്.

ഇന്നലെ ഇരട്ട ഗോളുകൾ നേടിയതോടുകൂടി ഇന്റർനാഷണൽ ഫുട്ബോളിൽ 130 ഗോളുകൾ പൂർത്തിയാക്കാൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല കരിയറിൽ ആകെ 895 ഗോളുകളും റൊണാൾഡോ പൂർത്തിയാക്കി കഴിഞ്ഞു. അധികം വൈകാതെ തന്നെ 900 എന്ന മാന്ത്രിക സംഖ്യയിലേക്ക് അദ്ദേഹം എത്തും. ആയിരം ഗോളുകൾ എന്ന നേട്ടത്തിലേക്ക് എത്താൻ അദ്ദേഹത്തിന് കഴിയുമോ എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *