കോപ്പ അമേരിക്ക മാറ്റിവെച്ചതിൽ നിരാശനാണെന്ന് മെസ്സി

ഈ വർഷം നടക്കേണ്ടിയിരുന്ന കോപ്പ അമേരിക്ക മാറ്റിവെച്ചതിൽ താൻ നിരാശനാണെന്ന് അർജന്റൈൻ സൂപ്പർ താരം ലയണൽ മെസ്സി. താൻ ഏറെ ആവേശത്തോടെയും വൈകാരികപരമായും കാത്തിരുന്ന കോപ്പയായിരുന്നു ഈ വർഷത്തേതെന്നും എന്നാൽ മാറ്റിവെച്ചത് ഈ അവസരത്തിൽ തികച്ചും ന്യായമായ കാര്യമാണെന്നും മെസ്സി പറഞ്ഞു. ഈ വർഷം ജൂൺ മുതൽ ജൂലൈ വരെ അർജന്റീനയിലും കൊളംബിയയിലുമായി കോപ്പ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ കൊറോണ പ്രതിസന്ധി കാരണം അടുത്ത വർഷത്തേക്ക് ടൂർണമെന്റ് മാറ്റിവെക്കുകയായിരുന്നു.

” എന്നെ സംബന്ധിച്ചെടുത്തോളം ഈ വർഷത്തെ കോപ്പ അമേരിക്ക വലിയൊരു അവസരമായിരുന്നു. വളരെ ആവേശത്തോട് കൂടിയും വൈകാരികപരമായും നോക്കികണ്ടിരുന്ന ഒരു കോപ്പയായിരുന്നു ഇത്തവണത്തെത്. ടൂർണമെന്റ് സസ്പെൻസ് ചെയ്തപ്പോൾ ശരിക്കും ബുദ്ധിമുട്ട് അനുഭവപ്പെട്ടു. എന്നിരുന്നാലും അതിന്റെ കാര്യകാരണങ്ങളെ കുറിച്ച് എനിക്ക് വ്യക്തമായി മനസ്സിലായിട്ടുണ്ട് ” മെസ്സി പറഞ്ഞു.

നിലവിലെ പരിശീലനരീതികളെ കുറിച്ചും മെസ്സി പറഞ്ഞു. പഴയരീതിയിലേക്ക് തന്നെ കാര്യങ്ങൾ വന്നു തുടങ്ങിയെന്നും മെസ്സി അഭിപ്രായപ്പെട്ടു. ” കൂട്ടമായിട്ടുള്ള പരിശീലനം മുൻപത്തെ പോലെ തന്നെ സാധാരണരീതിയിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. പക്ഷെ ആളൊഴിഞ്ഞ സ്റ്റേഡിയത്തിൽ കളിക്കുന്നത് ഓരോ വ്യക്തിക്കും ചെറിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.കാണികൾ ഇല്ലാതെ ഓരോ വ്യക്തികളും വിശ്വലൈസ് ചെയ്യുന്നതിന് തയ്യാറാവേണ്ടി വരുന്നു. കാണികൾ ഇല്ലാതെ മത്സരിക്കുക എന്നുള്ളത് തികച്ചും വിചിത്രമായ കാര്യം തന്നെയാണ് ” മെസ്സി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *