കരുത്തരുടെ പോരാട്ടത്തിൽ ജയം നേടി അസൂറിപ്പട.

യുവേഫ നേഷൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഇറ്റലിക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ഇറ്റലി നെതർലാന്റിനെ തകർത്തു വിട്ടത്.മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ട് മുമ്പ് നേടിയ ഗോളാണ് ഇറ്റലിക്ക് ജയം നേടികൊടുത്തത്. അതേ സമയം സൂപ്പർ താരങ്ങൾ അണിനിരന്നിട്ടും ഓറഞ്ചുപടക്ക് ഗോൾ കണ്ടെത്താനാവാതെ പോവുകയായിരുന്നു. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ നിക്കോളോ ബറല്ലയായിരുന്നു ഇറ്റലിയുടെ വിജയഗോൾ നേടിയത്. സൂപ്പർ താരം സിറോ ഇമ്മൊബിലെയുടെ അസിസ്റ്റിൽ നിന്നാണ് താരം വിജയഗോൾ ഹോളണ്ടിന്റെ വലയിൽ നിക്ഷേപിച്ചത്. സൂപ്പർ താരങ്ങളായ ഡിപെ, വിനാൾഡം, ഡി ജോങ്, വാൻ ഡി ബീക്ക്, വാൻ ഡൈക്ക് എന്നീ സൂപ്പർ താരങ്ങൾ ഒക്കെ ഹോളണ്ടിന് വേണ്ടി അണിനിരന്നിരുന്നുവെങ്കിലും ജയം നേടാൻ ഹോളണ്ടിന് കഴിഞ്ഞിരുന്നില്ല. മറുഭാഗത്ത് ഇമ്മൊബിലെ, ഇൻസീൻ, ചെല്ലിനി, ബൊനൂച്ചി എന്നിവരൊക്കെ ഉണ്ടായിരുന്നു.

മത്സരത്തിൽ ഇറ്റലി തന്നെയാണ് ആധിപത്യം പുലർത്തിയത്. ജയത്തോടെ ഗ്രൂപ്പ്‌ ഒന്നിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ ഇറ്റലിക്ക് കഴിഞ്ഞു. രണ്ട് മത്സരങ്ങളിൽ നിന്ന് നാലു പോയിന്റുകൾ നേടികൊണ്ടാണ് ഇറ്റലി ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റുള്ള ഹോളണ്ട് രണ്ടാം സ്ഥാനത്താണ്. അതേ സമയം ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ പോളണ്ടിനു ജയം. ബോസ്നിയ ഹെർസഗോവിനയെയാണ് പോളണ്ട് കീഴടക്കിയത്. സൂപ്പർ താരം റോബർട്ട്‌ ലെവന്റോസ്ക്കിയുടെ അഭാവത്തിലും മികച്ച പ്രകടനമാണ് പോളണ്ട് കാഴ്ച്ചവെച്ചത്. 2-1 എന്ന സ്കോറിനാണ് ബോസ്നിയയെ തകർത്തു വിട്ടത്. ജയത്തോടെ വിലപ്പെട്ട മൂന്ന് പോയിന്റുകൾ കരസ്ഥമാക്കാൻ പോളണ്ടിനു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *