അർജന്റീന ടീമിൽ നിന്നും വിരമിച്ച് ഗോൾകീപ്പർ അർമാനി!
വരുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റീന ദേശീയ ടീമിനെ പരിശീലകനായ ലയണൽ സ്‌കലോണി പ്രഖ്യാപിച്ചപ്പോൾ അതിൽ ഇടം നേടാൻ ഗോൾകീപ്പറായ ഫ്രാങ്കോ അർമാനിക്ക് സാധിച്ചിരുന്നില്ല.37 വയസ്സുള്ള താരം കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.ഇപ്പോഴിതാ അർജന്റീന ദേശീയ ടീമിൽ നിന്നും അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചിട്ടുണ്ട്.അർമാനി തന്നെ ഇക്കാര്യം ഒഫീഷ്യലായി കൊണ്ട് സ്ഥിരീകരിക്കുകയായിരുന്നു.
2018 മുതലാണ് അർജന്റീന ദേശീയ ടീമിന് വേണ്ടി അദ്ദേഹം കളിച്ചു തുടങ്ങിയത്. ആകെ 19 മത്സരങ്ങളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.എമി മാർട്ടിനസ് വന്നതോടുകൂടി അദ്ദേഹത്തിന് വേണ്ടത്ര അവസരങ്ങൾ ലഭിക്കാതെ വരികയായിരുന്നു. എന്നിരുന്നാലും അർജന്റീന ദേശീയ ടീം സമീപകാലത്ത് സ്വന്തമാക്കിയ കിരീടനേട്ടങ്ങളുടെയെല്ലാം ഭാഗമാവാൻ ഈ ഗോൾകീപ്പർക്ക് കഴിഞ്ഞിട്ടുണ്ട്.താൻ ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കുകയാണ് എന്നുള്ള തീരുമാനം അർജന്റീനയുടെ പരിശീലകനായ സ്‌കലോണിയേയും ഗോൾകീപ്പിംഗ് പരിശീലകനായ മാർട്ടിൻ ടോകാല്ലിയേയും താരം അറിയിക്കുകയായിരുന്നു.
2018 വേൾഡ് കപ്പിൽ അർജന്റീനക്ക് വേണ്ടി കളിക്കാൻ ഈ ഗോൾകീപ്പർക്ക് കഴിഞ്ഞിരുന്നു. 2019 കോപ്പ അമേരിക്കയിൽ അർജന്റീനയുടെ ഗോൾവല കാത്തത് ഇദ്ദേഹമായിരുന്നു.അന്ന് പരാഗ്വക്കെതിരെ താരം നടത്തിയ പെനാൽറ്റി സേവ് ശ്രദ്ധേയമായിരുന്നു.പിന്നീട് 2021 കോപ്പ അമേരിക്ക,ഫൈനലിസിമ,2022 വേൾഡ് കപ്പ്, 2024 കോപ്പ അമേരിക്ക എന്നീ കിരീടങ്ങൾ അർജന്റീന നേടിയപ്പോൾ അതിന്റെ ഭാഗമാവാൻ താരത്തിന് കഴിഞ്ഞിരുന്നു.
അർജന്റൈൻ ക്ലബ്ബായ റിവർ പ്ലേറ്റിന്റെ താരമാണ് അർമാനി.നിലവിൽ ഗോൾകീപ്പിംഗ് പൊസിഷനിൽ ഒരുപാട് ഓപ്ഷനുകൾ അർജന്റീനക്ക് ലഭ്യമാണ്. ഫസ്റ്റ് ചോയ്സ് ഗോൾകീപ്പർ എമി മാർട്ടിനസ് തന്നെയാണ്. താരത്തെ കൂടാതെ യുവാൻ മുസ്സോ,വാൾട്ടർ ബെനിറ്റസ്,ജെറോണിമോ റുള്ളി എന്നിവരൊക്കെ അർജന്റീനക്ക് ഗോൾകീപ്പർമാരായിക്കൊണ്ട് ലഭ്യമാണ്.