ജിങ്കൻ ബ്ലാസ്റ്റേഴ്‌സ് വിടുന്നു? ഇനി പോസ്റ്റർ ബോയ് സഹൽ

കഴിഞ്ഞ സീസണുകളിൽ എല്ലാം തന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ നെടുംതൂണായ സന്ദേശ് ജിങ്കൻ ബ്ലാസ്റ്റേഴ്‌സ് വിടുന്നുവെന്ന വാർത്തകൾ പുറത്തു വന്നത് ഇന്നലെയാണ്. ക്ലബ്‌ വിടുന്നതുമായി ബന്ധപ്പെട്ട് ജിങ്കനും ബ്ലാസ്റ്റേഴ്സും തമ്മിൽ ധാരണയിൽ എത്തിയതായി ഗോൾ ഡോട്ട് കോം ഉൾപ്പടെയുള്ള പ്രമുഖമാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുകയായിരുന്നു. ഐഎസ്എല്ലിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് ജിങ്കൻ. ക്ലബ്ബിൽ അദ്ദേഹത്തിന് ഏറെ ആരാധകരുമുണ്ട്. നിലവിലെ സാഹചര്യത്തിൽ ഉരുത്തിരിഞ്ഞ സാമ്പത്തികമായ കാരണങ്ങളും താരം ടീം വിടാൻ കാരണമായിട്ടുണ്ടെന്ന് ചില മാധ്യമങ്ങൾ വാർത്ത നൽകുന്നു. എന്നാൽ ജിങ്കൻ ടീം വിടുന്ന കാര്യത്തിൽ ഇതുവരെ കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി ഒരു സ്ഥിരീകരണവും നടത്തിയിട്ടില്ല.

താരം വിദേശക്ലബുമായി കരാറിലെത്തിയതായും റിപ്പോർട്ടുകൾ ഉണ്ട്. ക്ലബ്‌ ഏതെന്ന് വ്യക്തമല്ലെങ്കിലും ഖത്തറിലെ ക്ലബുമായാണ് കരാറിൽ എത്തിയിരിക്കുന്നതെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്. ഏതായാലും അടുത്ത സീസണിൽ താരം മഞ്ഞപ്പടക്കൊപ്പം കൂടെയുണ്ടാവില്ലെന്നുറപ്പാണ്. 2014-ലെ ഐഎസ്എല്ലിൽ എമേർജിങ് പ്ലയെർ അവാർഡ് നേടിയാണ് ജിങ്കന്റെ ജൈത്രയാത്ര ആരംഭിക്കുന്നത്. പിന്നീട് താരം മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ക്ലബിനോടുള്ള ഇഷ്ടം കൊണ്ടും ആത്മാർത്ഥത കൊണ്ടും ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജിങ്കൻ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവനാകുകയായിരുന്നു. കൊച്ചിയിലെ സ്റ്റേഡിയത്തിൽ താരത്തിന്റെ ചിത്രമുള്ള കൂറ്റൻ ബാനർ ഉയർത്തിയും താരത്തിന്റെ പേര് ചാന്റ് ചെയ്തും ആരാധകർ ഇഷ്ടം പ്രകടിപ്പിച്ചിരുന്നു. ക്ലബിന്റെ മുഖമുദ്രയും പോസ്റ്റർ ബോയിയുമായിരുന്ന താരമാണിപ്പോൾ ക്ലബ്‌ വിടുന്നത്.

ജിങ്കൻ ക്ലബ്‌ വിടുന്നതോടെ ടീമിന്റെ ഐക്കൺ താരവും അതല്ലെങ്കിൽ പോസ്റ്റർ ബോയ് ആരാവുമെന്ന ചർച്ചയാണ് ഇപ്പോൾ ഉയർന്നുവരുന്നത്. കുറഞ്ഞ കാലം കൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കിടയിൽ വലിയ തോതിൽ പ്രീതി പിടിച്ചു പറ്റിയ മലയാളി താരം സഹലിന്റെ പേരാണ് ഈ സ്ഥാനത്തേക്ക് മുഴങ്ങികേൾക്കുന്നത്. വരുംകാലത്ത് ബ്ലാസ്റ്റേഴ്സിന്റെ അടയാളമായി മാറാനും മുന്നിൽ നിന്ന് നയിക്കാനും സഹലിന് കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇതിനാൽ തന്നെ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പോസ്റ്റർ ബോയ് എന്ന വിശേഷണം സഹലിനായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *