സൂപ്പർ താരത്തിന് പ്രശംസ, സഹൽ കളിക്കാത്തതെന്തുകൊണ്ടെന്നും വ്യക്തമാക്കി കിബു വിക്കുന !

ഇന്നലെ ഐഎസ്എല്ലിൽ നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് സമനില വഴങ്ങാനായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന്റെ യോഗം. രണ്ടു ഗോളുകൾക്ക്‌ മുന്നിട്ടു നിന്ന ബ്ലാസ്റ്റേഴ്‌സ് പിന്നീട് രണ്ടു ഗോളുകൾ വഴങ്ങിക്കൊണ്ട് നിർണായകമായ രണ്ടു പോയിന്റുകൾ നഷ്ടപ്പെടുത്തുകയായിരുന്നു. ലഭിച്ച പെനാൽറ്റി കൂടി നോർത്ത് ഈസ്റ്റ് ലക്ഷ്യം കണ്ടിരുന്നുവെങ്കിൽ ബ്ലാസ്റ്റേഴ്‌സിന്റെ അവസ്ഥ ഇതിൽ കൂടുതൽ പരിതാപകരമായേനേ. ഏതായാലും ബ്ലാസ്റ്റേഴ്‌സ് നായകനും ആദ്യ ഗോളിന്റെ ഉടമയുമായി സിഡോഞ്ചയെ പ്രശംസിച്ചിരിക്കുകയാണ് പരിശീലകൻ കിബു വിക്കുന. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയിലാണ് സിഡോഞ്ചയെ പ്രശംസിക്കാൻ കിബു വിക്കുന സമയം കണ്ടെത്തിയത്. അതേസമയം പൂർണ്ണഫിറ്റ്നസ് വീണ്ടെടുക്കാത്തതിനാലാണ് സഹലിനെ കളിപ്പിക്കാത്തതെന്നും കിബു കൂട്ടിച്ചേർത്തു.

” ഇന്ന് മികച്ച പ്രകടനമാണ് സിഡോ കാഴ്ച്ചവെച്ചത്. അദ്ദേഹം ഞങ്ങളുടെ ആദ്യ ഗോൾ കണ്ടെത്തി. മാത്രമല്ല മത്സരത്തിലുടനീളം ഞങ്ങളുടെ ആക്രമണങ്ങളിൽ പങ്കാളിത്തം വഹിക്കുകയും ചെയ്തു. സഹൽ അബ്ദു സമദിനെ പുറത്തിരുത്താനുള്ള കാരണം അദ്ദേഹം ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല എന്നുള്ളതാണ്. മത്സരം കളിക്കാനാവിശ്യമായ ശാരീരികക്ഷമത അദ്ദേഹം കൈവരിച്ചിട്ടില്ലായിരുന്നു ” കിബു വിക്കുന പറഞ്ഞു. സമനിലയോടെ രണ്ടു മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് നേടാനായത്. ഇനി ചെന്നൈയിൻ എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

Leave a Reply

Your email address will not be published. Required fields are marked *