സഹലിനെതിരെയായ വിമർശനങ്ങൾ, പ്രതികരിച്ച് പരിശീലകൻ കിബു വിക്കുന !

ഐഎസ്എല്ലിലെ തങ്ങളുടെ രണ്ടാം മത്സരത്തിനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ന് നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. ആദ്യ മത്സരത്തിൽ എടികെ മോഹൻ ബഗാനോട്‌ ഒരു ഗോളിന്റെ തോൽവി ഏറ്റുവാങ്ങികൊണ്ടാണ് ബ്ലാസ്റ്റേഴ്സിന്റെ വരവെങ്കിൽ മുംബൈ സിറ്റി എഫ്സിയെ കീഴടക്കി കൊണ്ടാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ വരവ്.മത്സരത്തിൽ വിജയം മാത്രം ലക്ഷ്യമിട്ടാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുക. ആദ്യ മത്സരത്തിൽ മിന്നും പ്രകടനം കാഴ്ച്ചവെച്ചിരുന്നുവെങ്കിലും ബ്ലാസ്റ്റേഴ്‌സിന് തോൽവി വഴങ്ങേണ്ടി വരികയായിരുന്നു. മത്സരത്തിൽ സഹൽ പുറത്തെടുത്ത പ്രകടനത്തിന് ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. ആരാധകരും ഫുട്ബോൾ നിരീക്ഷകരും താരത്തെ വിമർശിച്ചിരുന്നു. മത്സരത്തിൽ താരം രണ്ടോളം അവസരങ്ങൾ പാഴാക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ വിമർശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് പരിശീലകൻ കിബു വിക്കുന. സഹൽ ടീമിന് പ്രധാനപ്പെട്ട താരമാണ് എന്നാണ് വിക്കുന ഇതേകുറിച്ച് പറഞ്ഞത്.

” അദ്ദേഹം ടീമിന് പ്രധാനപ്പെട്ട ഒരു താരമാണ്. അദ്ദേഹത്തിന് വേണ്ടി നല്ല ഒരു പരിതസ്ഥിതി തന്നെ ഞങ്ങൾ സൃഷ്ടിക്കും. ഒരു മത്സരം മാത്രമേ കഴിഞ്ഞിട്ടുള്ളൂ. അദ്ദേഹം ആ മത്സരത്തിൽ തന്നെ കുറച്ചു നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന് രണ്ടു അവസരങ്ങൾ ലഭിച്ചു. അദ്ദേഹം ഗോളിന് തൊട്ടരികിലെത്തിയിരുന്നു. ഞങ്ങൾ അദ്ദേഹത്തിന്റെ കാര്യത്തിൽ സന്തോഷവാൻമാരാണ് ” കിബു വിക്കുന പത്രസമ്മേളനത്തിൽ പറഞ്ഞു. ഇന്ന് രാത്രി 7:30 നാണ് മത്സരം നടക്കുക. അവസാനമായി കളിച്ച അഞ്ച് മത്സരങ്ങളിലും നോർത്ത് ഈസ്റ്റിനെ കീഴടക്കാൻ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *