കൊമ്പൻമാരുടെ തുടക്കം തോൽവിയോടെ !

ഇന്ത്യൻ സൂപ്പർ ലീഗിലെ ഉത്ഘാടനമത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവി. എടികെ മോഹൻ ബഗാനാണ് ബ്ലാസ്റ്റേഴ്‌സിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചത്. രണ്ടാം പകുതിയിൽ റോയ് കൃഷ്ണ നേടിയ ഗോളാണ് എടികെക്ക്‌ വിജയം നേടികൊടുത്തത്.അവസാനമായി കളിച്ച ആറു മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സിനോട് ജയിക്കാൻ സാധിച്ചിട്ടില്ല എന്ന ദുഷ്പ്പേര് ഇത്തവണ എടികെ മാറ്റി. ജയത്തോടെ മൂന്ന് പോയിന്റുകൾ എടികെ കരസ്ഥമാക്കി.

മലയാളി താരം പ്രശാന്തിനെ ഉൾപ്പെടുത്തി കൊണ്ടാണ് കിബു വിക്കുന ആദ്യ ഇലവൻ പ്രഖ്യാപിച്ചത്. നിഷു കുമാറിനെ പുറത്തിരുത്തുകയാണ് കിബു ചെയ്തത്. മറുഭാഗത്ത് റോയ് കൃഷ്ണയെ മുൻനിർത്തിയാണ് എടികെ ആക്രമണങ്ങൾ മെനഞ്ഞത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ വലിയ മുന്നേറ്റങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇരുടീമുകളും പ്രതിരോധം ശക്തിപ്പെടുത്തി കൊണ്ടാണ് ആദ്യപകുതി അവസാനിപ്പിച്ചത്. മത്സരത്തിന്റെ 67-ആം മിനിറ്റിലാണ് റോയ് കൃഷ്ണ ഗോൾ നേടിയത്. ബോക്സിനകത്ത് വെച്ച് വീണ് കിട്ടിയ അവസരം റോയ് കൃഷ്ണ ഫിനിഷ് ചെയ്യുകയായിരുന്നു. തുടർന്ന് ബ്ലാസ്റ്റേഴ്‌സ് ഗോൾ നേടാൻ ശ്രമങ്ങൾ നടത്തിയെങ്കിലും ഒരു ഫലവും കണ്ടില്ല. ഗോൾ നേടാൻ സഹലിന് ഒരവസരം ലഭിച്ചുവെങ്കിലും അത് മുതലെടുക്കാൻ താരത്തിന് സാധിച്ചില്ല. മത്സരത്തിന്റെ അവസാനമിനിറ്റുകളിൽ എടികെ പ്രതിരോധം മികച്ചു നിന്നതോടെ ബ്ലാസ്റ്റേഴ്‌സ് തോൽവി രുചിച്ചു.

Leave a Reply

Your email address will not be published. Required fields are marked *