ആ രണ്ട് താരങ്ങളെ സൂക്ഷിക്കണം, ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക്‌ പരിശീലകന്റെ മുന്നറിയിപ്പ് !

ഈ സീസണിലെ മൂന്നാമത്തെ മത്സരത്തിനുള്ള ഒരുക്കത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. എതിരാളികൾ ബ്ലാസ്റ്റേഴ്‌സിന് കനത്ത വെല്ലുവിളിയാവുമെന്ന കാര്യത്തിൽ യാതൊരു വിധ സംശയവുമില്ല. ചെന്നൈയിൻ എഫ്സിയാണ് ബ്ലാസ്റ്റേഴ്‌സിനെ നേരിടുന്നത്. രണ്ട് മത്സരങ്ങളിലും വിജയം നേടാനാവാതെയാണ് ബ്ലാസ്റ്റേഴ്‌സ് വരുന്നതെങ്കിൽ ആദ്യ മത്സരം തന്നെ വിജയക്കൊടി പാറിച്ചു കൊണ്ടാണ് ചെന്നൈ വരുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 7:30-നാണ് മത്സരം നടക്കുക. ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ചെടുത്തോളം പോയിന്റ് ടേബിളിൽ മുന്നേറണമെങ്കിൽ ഇന്നത്തെ മത്സരത്തിൽ ജയം അനിവാര്യമാണ്. എന്നാൽ ചെന്നൈയിൻ എഫ്സി തങ്ങൾക്ക്‌ കടുത്ത ഭീഷണി ഉയർത്തുമെന്ന കാര്യത്തിൽ പരിശീലകൻ കിബു വിക്കുനക്ക്‌ യാതൊരു വിധ സംശയങ്ങളുമില്ല. ജംഷഡ്പൂരിനെതിരെ മികച്ച പ്രകടനമാണ് ചെന്നൈ പുറത്തെടുത്തതെന്നും ചെന്നൈയുടെ ആക്രമണനിരയെ കരുതിയിരിക്കണമെന്നുമാണ് കിബു വിക്കുനയുടെ മുന്നറിയിപ്പ്. ഇസ്മ, ചാങ്തെ എന്നീ താരങ്ങളെ സൂക്ഷിക്കണമെന്നാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്റെ അഭിപ്രായം.

” ജംഷഡ്പൂരിനെതിരെയുള്ള മത്സരം വളരെയധികം ബുദ്ധിപരമായി കളിച്ച ടീമാണ് ചെന്നൈ. വളരെയധികം മികച്ച ഒരു ആക്രമണതന്ത്രം അവരുടെ പക്കലുണ്ട്. മാത്രമല്ല രണ്ട് മികച്ച താരങ്ങളും അവർക്കുണ്ട്. ഇസ്മ ഗോൺകാൽവെസ്, ലാലിയാൻസ്വല ചാങ്തെ എന്നീ താരങ്ങൾ മികവുറ്റവരാണ്. കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സ് അപ്പാണ് ചെന്നൈ. മാത്രമല്ല ഈ സീസണിലും മികച്ച ടീമാണ് അവരുടേത് ” കിബു വിക്കുന പറഞ്ഞു. അവസാനമായി ചെന്നൈയോട് ഏറ്റുമുട്ടിയ മത്സരം ബ്ലാസ്റ്റേഴ്‌സ് ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കുണ്ടാവില്ല. 6-3 നായിരുന്നു അന്ന് ബ്ലാസ്റ്റേഴ്‌സ് തോറ്റത്. അന്ന് ചാങ്തെ ഇരട്ടഗോളുകൾ നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *