ഹാലണ്ടിന്റെ റിലീസ് ക്ലോസ് പുറത്തായി, ജാഗരൂകരായി വമ്പൻ ക്ലബ്ബുകൾ!

ഫുട്ബോൾ ലോകത്തെ സൂപ്പർ താരങ്ങളിൽ ഒരാളായ എർലിങ് ഹാലണ്ട് തന്റെ മാസ്മരിക പ്രകടനം തുടരുകയാണ്. ബൊറൂസിയയിൽ ജോയിൻ ചെയ്തതിന് ശേഷം 75 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്. ഇതിൽ നിന്ന് 76 ഗോളുകൾ താരം നേടിക്കഴിഞ്ഞു.2024 വരെയാണ് താരത്തിന് ബൊറൂസിയയുമായി കരാറുള്ളത്. എന്നാൽ 2022-ൽ തന്നെ അദ്ദേഹത്തെ ക്ലബ്ബ് വിടാൻ അനുവദിക്കുന്ന ഒരു റിലീസ് ക്ലോസ് അവിടെയുണ്ട്.

പ്രമുഖ ജർമ്മൻ മാധ്യമമായ ബിൽഡ് ഈ റിലീസ് ക്ലോസ് തുക ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്. 75 മില്യൺ യൂറോയാണ് താരത്തിന്റെ റിലീസ് ക്ലോസ്. താരതമ്യേനെ 75 മില്യൺ യൂറോ എന്നുള്ളത് ഒരു ശരാശരി സംഖ്യയാണ്. അത്കൊണ്ട് തന്നെ ഫുട്ബോൾ ലോകത്തെ പല വമ്പൻമാരും ഹാലണ്ടിന് വേണ്ടി രംഗത്തുണ്ട്.മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, എഫ്സി ബാഴ്സലോണ, റയൽ മാഡ്രിഡ്‌, ബയേൺ, ചെൽസി, ലിവർപൂൾ എന്നിവരൊക്കെ തന്നെയും ഹാലണ്ടിൽ താല്പര്യം പ്രകടിപ്പിച്ച ക്ലബുകളാണ്. ഇതിൽ ഭൂരിഭാഗം ക്ലബ്ബുകൾക്കും ഈ തുക താങ്ങാൻ കഴിയുമെന്ന് തന്നെയാണ് ബിൽഡ് പറഞ്ഞു വെക്കുന്നത്.

റയൽ മാഡ്രിഡ്‌ വലിയ രൂപത്തിലുള്ള താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട് എന്നുള്ള കാര്യം ബൊറൂസിയ അധികൃതർ തന്നെ വെളിപ്പെടുത്തിയിരുന്നു. ഈ സമ്മറിൽ ഹാലണ്ട് ക്ലബ്‌ വിടുമെന്നുള്ള കാര്യം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.താരത്തിന്റെ ഏജന്റായ മിനോ റയോള തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.പക്ഷേ ഹാലണ്ട് ഏത് ക്ലബ്ബിലേക്ക് ചേക്കേറുമെന്നുള്ള കാര്യം വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *