ഹാട്രിക് ഗ്നാബ്രി, വീണ്ടും എട്ട് ഗോൾ വിജയവുമായി ബയേൺ മ്യൂണിക്ക് !

ബയേൺ മ്യൂണിക്കിന്റെ എട്ട് ഗോളിനോടുള്ള പ്രണയത്തിന് വിരാമമാവുന്നില്ല. ബാഴ്സയുടെ തോൽവിയെ ഓർമിപ്പിച്ചു കൊണ്ട് ഒരിക്കൽ കൂടി ബയേൺ എട്ട് ഗോൾ നേടിയിരിക്കുകയാണ്. ബുണ്ടസ്ലിഗയിൽ ഇന്നലെ നടന്ന ആദ്യ റൗണ്ട് പോരാട്ടത്തിലാണ് എതിരില്ലാത്ത എട്ട് ഗോളുകൾക്ക് ബയേൺ എതിരാളികളായ ഷാൽക്കെയെ തകർത്തു വിട്ടത്. ഹാട്രിക് നേടിയ സൂപ്പർ താരം സെർജി ഗ്നാബ്രിയാണ് ബയേണിനെ മുന്നിൽ നിന്ന് നയിച്ചത്. ബയേണിന്റെ ആർത്തലച്ചു വരുന്ന ആക്രമണത്തിന് മുന്നിൽ ഒന്ന് പൊരുതാൻ പോലുമാവാതെ ഷാൽക്കെ നിസ്സഹായരായി കീഴടങ്ങുകയായിരുന്നു. അതേ സമയം കഴിഞ്ഞ സീസൺ എവിടെ നിർത്തിയോ അവിടെ വെച്ച് തുടങ്ങിയിരിക്കുകയാണ് ബയേൺ. ഈ സീസണിലും ബുണ്ടസ്ലിഗയും ചാമ്പ്യൻസ് ലീഗും നേടണമെന്ന ലക്ഷ്യത്തോടെയാണ് ബയേൺ പന്തുതട്ടുന്നത്.

മത്സരത്തിന്റെ നാലാം മിനുട്ടിൽ തന്നെ ഗ്നാബ്രി ഗോളടിവേട്ട ആരംഭിച്ചിരുന്നു. കിമ്മിച്ചിന്റെ പാസിൽ നിന്ന് ഒരു തകർപ്പൻ ഷോട്ടിലൂടെ ഗ്നാബ്രി വലകുലുക്കി. 19-ആം മിനുട്ടിൽ മുള്ളറുടെ പാസിൽ നിന്ന് ഗോറെട്സ്ക്കയും ഒരു കരുത്തുറ്റ ഷോട്ടിലൂടെ വല കുലുക്കി. 31-ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചു കൊണ്ട് ലെവന്റോസ്ക്കിയും സ്കോർഷീറ്റിൽ ഇടം നേടി. 47-ആം മിനുട്ടിലും 59-ആം മിനുട്ടിലും സാനെയുടെ പാസിൽ നിന്ന് ഗ്നാബ്രി ഗോൾ നേടുകയും ഹാട്രിക് പൂർത്തിയാക്കുകയും ചെയ്തു . 69-ആം മിനുട്ടിൽ ലെവയുടെ പാസിൽ നിന്ന് മുള്ളർ ഗോൾ നേടിയപ്പോൾ 71-ആം മിനുട്ടിൽ കിമ്മിച്ചിന്റെ പാസിൽ നിന്ന് സാനെ ഗോൾ നേടി. ഒടുവിൽ 81-ആം മിനുട്ടിലാണ് അവസാനഗോൾ പിറന്നത്. ലെവന്റോസ്ക്കിയുടെ പാസിൽ നിന്ന് ജമാൽ മുസിയാലയാണ് ഗോൾ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *