മെസ്സിയും നെയ്മറും തന്നെ സ്വാധീനിച്ചത് എങ്ങനെ? മുസിയാല പറയുന്നു!
ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് ബയേണിന്റെ യുവ സൂപ്പർതാരമായ ജമാൽ മുസിയാല പുറത്തെടുക്കുന്നത്. ആകെ കളിച്ച 15 ലീഗ് മത്സരങ്ങളിൽ നിന്ന് 15 ഗോൾ പങ്കാളിത്തങ്ങൾ വഹിക്കാൻ ഈ താരത്തിന് കഴിഞ്ഞിട്ടുണ്ട്. 9 ഗോളുകളും ആറ് അസിസ്റ്റുകളുമാണ് താരം കരസ്ഥമാക്കിയിട്ടുള്ളത്.കഴിഞ്ഞ വേൾഡ് കപ്പിലും മികച്ച പ്രകടനം നടത്താൻ ഈ അറ്റാക്കിങ് മിഡ്ഫീൽഡർക്ക് സാധിച്ചിരുന്നു. പുതിയ മെസ്സി എന്ന വിളിപ്പേര് വരെ സമ്പാദിച്ച താരം കൂടിയാണ് മുസിയാല.
ഏതായാലും ലയണൽ മെസ്സി,നെയ്മർ ജൂനിയർ എന്നിവരെക്കുറിച്ച് ചില കാര്യങ്ങൾ ഇപ്പോൾ മുസിയാല പങ്കുവെച്ചിട്ടുണ്ട്. മെസ്സിയും നെയ്മറും എങ്ങനെയാണ് തന്റെ കരിയറിനെ സ്വാധീനിച്ചത് എന്നാണ് ഇദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്. അവരെ കണ്ടു കൊണ്ടാണ് താൻ വളർന്നത് എന്നാണ് മുസിയാല പറഞ്ഞിട്ടുള്ളത്.ബുണ്ടസ് ലിഗയുടെ ഒഫീഷ്യൽ വെബ്സൈറ്റിനോട് സംസാരിക്കുകയായിരുന്നു ഈ യുവ താരം.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Bundesliga: Jamal Musiala Reveals How Messi, Neymar Helped Influence His Game https://t.co/8bZXo7W5us
— PSG Talk (@PSGTalk) January 20, 2023
” ലയണൽ മെസ്സിയുടെയും നെയ്മർ ജൂനിയറുടെയും വീഡിയോ ദൃശ്യങ്ങൾ കണ്ടു കൊണ്ടാണ് ഞാൻ വളർന്നത്. എങ്ങനെയാണ് അവർ രണ്ടുപേരും ഇത്തരത്തിലുള്ള ഡ്രിബിളുകൾ നടത്തുന്നത് എന്നുള്ളത് എന്നെ എപ്പോഴും അത്ഭുതപ്പെടുത്തിയിരുന്നു.മാത്രമല്ല അവർ രണ്ടുപേരും കളിക്കുന്നത് കാണാൻ എപ്പോഴും വളരെ എന്റർടൈനിങ് ആയിട്ടുള്ള ഒരു കാര്യമാണ് ” ഇതാണ് ജമാൽ മുസിയാല പറഞ്ഞിട്ടുള്ളത്.
ഏതായാലും നെയ്മറെയും മെസ്സിയെയും നേരിടാനുള്ള ഒരുക്കത്തിലാണ് നിലവിൽ ഈ യുവ സൂപ്പർതാരമുള്ളത്.യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ പിഎസ്ജിയും ബയേണും തമ്മിലാണ് ഏറ്റുമുട്ടുക. ഫെബ്രുവരി പതിനഞ്ചാം തീയതിയാണ് ആദ്യപാദ മത്സരം അരങ്ങേറുക.